ഇനി കളി മാറും; ലഹരിമാഫിയയെ പൂട്ടാൻ ജൂൺ ഒന്ന് മുതൽ 'ഓപ്പറേഷൻ തൂഫാൻ'
ഷീബ വിജയൻ
സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് ജൂൺ ഒന്ന് മുതൽ 'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്' പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ നിർണ്ണായക ചർച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കെമിക്കൽ ലഹരിവസ്തുക്കൾ, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപന പൂർണ്ണമായി അവസാനിപ്പിക്കുന്നതിനൊപ്പം സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പദ്ധതിയുടെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുമായി ബന്ധപ്പെട്ട് സംയുക്ത നീക്കം നടത്തുമെന്നും ഇതിനായി പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും സഹായം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ മുഖച്ഛായ മാറ്റാനും മന്ത്രി നിർദ്ദേശം നൽകി. സ്റ്റേഷനുകളിൽ എത്തുന്ന പരാതിക്കാരെ പോലീസ് ഉദ്യോഗസ്ഥർ 'ഗുഡ് മോർണിങ്' പറഞ്ഞു വേണം സ്വീകരിക്കാൻ. പരാതികൾ സമചിത്തതയോടെ കേൾക്കാനും സ്റ്റേഷൻ പരിസരം വൃത്തിയാക്കി കെട്ടിക്കിടക്കുന്ന വാഹനങ്ങൾ അടിയന്തിരമായി നീക്കം ചെയ്യാനും നിർദ്ദേശമുണ്ട്. പോലീസ് ട്രെയിനിങ് സിലബസ് പരിഷ്കരിക്കുമെന്നും സ്റ്റേഷൻ ചുമതല പൂർണ്ണമായി എസ്.ഐമാർക്ക് നൽകുന്നതിനെക്കുറിച്ച് പഠനം നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
wedaaswsa

