'ജിഹാദി എന്ന് വിളിച്ചിട്ടില്ല, ഇത് എന്നെ തകർക്കാനുള്ള ഗൂഢാലോചന'; അൻസിബയുടെ ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം
ഷീബ വിജയൻ
നടി അൻസിബ ഹസൻ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിച്ച് നടൻ ടിനി ടോം രംഗത്ത്. തന്റെ ഭാഗത്തുനിന്നും മോശമായ യാതൊരു പെരുമാറ്റവും ഉണ്ടായിട്ടില്ലെന്നും ഉയർന്നുവന്ന വിവാദങ്ങളെല്ലാം തന്നെ ലക്ഷ്യം വെച്ചുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും ടിനി ടോം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. താൻ 'അമ്മ' (AMMA) സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും രാജിവെക്കാൻ കാരണം ടിനി ടോം ആണെന്നും തനിക്കെതിരെ ജിഹാദി വിളി ഉൾപ്പെടെയുള്ള വർഗീയ പരാമർശങ്ങൾ നടത്തിയെന്നുമായിരുന്നു അൻസിബയുടെ ആരോപണം. എന്നാൽ സ്വന്തം തിരക്കുകൾ കാരണമാണ് രാജിവെക്കുന്നതെന്നാണ് അൻസിബ മീറ്റിങ്ങിൽ അറിയിച്ചിരുന്നതെന്നും പെട്ടെന്ന് ഇത്തരമൊരു പൊട്ടിത്തെറി ഉണ്ടായതിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും ടിനി ടോം വ്യക്തമാക്കി. മിമിക്രി പശ്ചാത്തലത്തിൽ നിന്നും വരുന്ന തനിക്ക് ജാതിയോ മതമോ ഇല്ലെന്നും അൻസിബ തന്റെ സഹോദരിയെപ്പോലെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adessawss

