നിതിൻ രാജിന്റെ മരണം: ജാതി അധിക്ഷേപവും ലോൺ ആപ്പ് ഭീഷണിയും; കോളജ് അധികൃതർക്കെതിരെ പിതാവ്
ഷീബ വിജയൻ
കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് പിതാവ് രാജൻ രംഗത്തെത്തി. നിതിൻ ലോൺ ആപ്പിൽ നിന്ന് പണമെടുത്തത് തന്റെ അറിവോടെയാണെന്നും അസുഖബാധിതയായ അമ്മയുടെ ചികിത്സാ ആവശ്യങ്ങൾക്കായാണ് 14,000 രൂപയോളം കടമെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ലോൺ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് അധ്യാപകർക്ക് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അത് വീട്ടുകാരെ അറിയിക്കാമായിരുന്നുവെന്നും ഒരു ജീവൻ വെച്ചാണ് കോളജ് അധികൃതർ കളിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മരണദിവസം നിതിനെ പ്രിൻസിപ്പൽ മുറിയിലേക്ക് വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. അധ്യാപകരിൽ നിന്ന് നിതിൻ കടുത്ത ജാതി അധിക്ഷേപവും മാനസിക പീഡനവുമാണ് നേരിട്ടിരുന്നത്. ഇതിനെ ശരിവെക്കുന്ന നിതിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. 'പുഴുത്ത പട്ടി' എന്നും 'തെരുവ് പട്ടി' എന്നും വിളിച്ച് അധ്യാപകർ തന്നെ അധിക്ഷേപിച്ചിരുന്നതായും കൈയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും നിതിൻ സുഹൃത്തുക്കൾക്കയച്ച സന്ദേശത്തിലുണ്ട്. സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്‌പെൻഡ് ചെയ്യുകയും ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും പട്ടികജാതി-പട്ടികവർഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.
നിതിൻ മരിച്ചതിന് പിന്നാലെ കോളജിൽ നിന്ന് ആരും കൂടെ വന്നില്ലെന്നും മൃതദേഹം ഒറ്റയ്ക്കാണ് അയച്ചതെന്നും പിതാവ് കുറ്റപ്പെടുത്തി. നിതിന്റെ ശരീരത്തിലെ പരിക്കുകളിൽ ദുരൂഹതയുണ്ടെന്നും സിസിടിവി ദൃശ്യങ്ങളിൽ പറയുന്ന കാര്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഡോക്ടർമാരായി പുറത്തിറങ്ങേണ്ടവരായതിനാൽ ഭാവിയെ ഭയന്ന് സഹപാഠികൾ സത്യം പറയാൻ മടിക്കുകയാണെന്നും എന്നാൽ നിതിൻ നേരിട്ട പീഡനങ്ങൾ പലർക്കും അറിയാമെന്നും രാജൻ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. സംഭവത്തിൽ ഡിജിപിക്ക് നേരിട്ട് പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
dfsfdsdfsdsf




