കൊയിലാണ്ടിയിൽ ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പോലീസുകാർക്ക് പരിക്ക്
ഷീബ വിജയൻ I കേരളം
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ പോലീസുകാർ സഞ്ചരിച്ച ബസ്സും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 28 പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ കൊയിലാണ്ടിക്ക് സമീപം ദേശീയപാതയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
മടപ്പള്ളി കോളജിലെ ഡ്യൂട്ടി കഴിഞ്ഞ് മലപ്പുറം എം.എസ്.പിയിലേക്ക് പോവുകയായിരുന്ന പോലീസുകാരാണ് ടൂറിസ്റ്റ് ബസ്സിൽ ഉണ്ടായിരുന്നത്. ലോറി ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന. ഇടിയുടെ ആഘാതത്തിൽ ഇരുവാഹനങ്ങളുടെയും ഡ്രൈവർമാർ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയി.
സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസും ഫയർഫോഴ്‌സും ചേർന്ന് വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
dqswaqsdsa




