ജോസ് കെ മാണിയുടെ അനിശ്ചിതകാല നിരാഹാരം ഇന്നുമുതൽ

കോട്ടയം: കേരളത്തിന്റെ കാര്‍ഷിക മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടും റബര്‍ വിലത്തകര്‍ച്ച പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടും കേരള കോണ്‍ഗ്രസ്-എം ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എംപി ഇന്നു മുതല്‍ അനിശ്ചിത കാല നിരാഹാര സമരം നടത്തും. കോട്ടയം ഗാന്ധി സ്ക്വയറില്‍ ഗാന്ധിപ്രതിമയ്ക്കു മുന്നില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണു നിരാഹാര സത്യഗ്രഹം. രാവിലെ 10നു കേരള കോണ്‍ഗ്രസ്-എം വര്‍ക്കിംഗ് ചെയര്‍മാന്‍ മന്ത്രി പി.ജെ. ജോസഫ് നിരാഹാര സമരം ഉദ്ഘാടനം ചെയ്യും. റബറിന്റെ വില കിലോയ്ക്കു 200 രൂപ ഉറപ്പാക്കുക. വിലസ്ഥിരതാ ഫണ്ടില്‍നിന്നു കര്‍ഷകര്‍ക്കു സബ്സിഡി അനുവദിക്കുന്നതിനു തുക നല്‍കുക, റബര്‍ ഇറക്കുമതി പൂര്‍ണമായും നിരോധിക്കുക, റബര്‍ ബോര്‍ഡ് പുനഃസംഘടിപ്പിച്ചു സ്വതന്ത്ര ചെയര്‍മാനെ നിയമിക്കുക, ബില്ലുകള്‍ ഒറ്റത്തവണയായി പണം നല്‍കാന്‍ നടപടി സ്വീകരിക്കുക, റബറിനു ന്യായമായ വില ലഭിക്കും വരെ കര്‍ഷകരുടെ എല്ലാ നികുതിയും എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു നിരാഹാര സമരം.