ഗസ്സയിൽ മരണ സംഖ്യ 9500 കവിഞ്ഞു

ഇസ്രായേൽ രൂക്ഷമായ ആക്രമണം തുടരുന്ന ഗസ്സയിൽ മരണ സംഖ്യ 9500 കവിഞ്ഞു. അറബ് രാജ്യങ്ങളുടെ സമ്മർദം കണക്കിലെടുത്ത് ഗസ്സയിലേക്കുള്ള സഹായം വർധിപ്പിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഇസ്രയേലിന്റെ 24 സൈനിക ടാങ്കുകൾ തകർത്തതായി അറിയിച്ച ഹമാസ് ഗസ്സ പോരാട്ടം ചരിത്രത്തിൽ ഇടം പിടിക്കുമെന്നും വ്യക്തമാക്കി. അതേസമയം ഒരു വർഷം സമയമെടുത്തിട്ടാണെങ്കിലും ഇസ്രായേൽ ജയിക്കുമെന്നും ഏറ്റവും കടുപ്പമേറിയ ദിവസങ്ങളാണ് മുന്നിലുള്ളതെന്നും ഇസ്രായേൽ പ്രതിരോധമന്ത്രി പറഞ്ഞു. ഗസ്സയിലെ യു.എൻ സ്‌കൂളും ഇസ്രായേൽ ബോംബിട്ട് തകർത്തു. ജബലിയ അഭയാർത്ഥി ക്യാമ്പിലെ അൽഫഖൂറ സ്‌കൂളിന് നേരെയാണ് ഇസ്രായേൽ യുദ്ധവിമാനങ്ങൾ ഇന്നലെ ബോംബ് വർഷിച്ചത്. 24 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരങ്ങൾ അഭയം തേടിയതായിരുന്നു സ്‌കൂൾ. വടക്കൻ ഗസ്സയിലെ അൽസഫ്താവിയിൽ മറ്റൊരു സ്‌കൂളും ആക്രമിച്ചു. വിവിധ ആശുപത്രി പരിസരങ്ങളിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബുകൾ വർഷിച്ചു. യു.എന്നിനു കീഴിലെ 50ഓളം കെട്ടിടങ്ങൾക്കുനേരെ ഇതിനകം ഇസ്രായേൽ ആക്രമണം നടത്തിയിട്ടുണ്ട്. ഇതിൽ ഗസ്സയിൽ മാത്രം 112,000 പേർ അഭയം തേടിയ 25 കേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
ഗസ്സ കുരുതി തുടരുന്ന സാഹചര്യത്തിൽ യുദ്ധവ്യാപ്തി ഒഴിവാക്കുക എളുപ്പമല്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി ഇറാഖ് വിദേശകാര്യ മന്ത്രിയെ അറിയിച്ചു. യുദ്ധം വ്യാപിക്കുന്നത് എന്തു വില കൊടുത്തും തടയുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ പറഞ്ഞു. കുരുതിയിൽ പ്രതിഷേധിച്ചു തുർക്കിയും ഹോണ്ടുറാസും ഇസ്രായേലിൽനിന്ന് അംബാസഡറെ തിരികെ വിളിച്ചു. ഗസ്സയിൽ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പല യൂറോപ്യൻ നഗരങ്ങളിലും വൻ റാലികൾ അരങ്ങേറി. ടാങ്ക്‌വേധ മിസൈലുകൾ പ്രയോഗിച്ചു 24 ഇസ്രായേൽ കവചിത വാഹനങ്ങൾ തകർത്തുവെന്ന് ഹമാസ് അവകാശപ്പെട്ടു. ഇന്ന് വെളുപ്പിനും തെൽ അവീവിന് നേർക്കും മറ്റും നിരവധി റോക്കറ്റുകൾ അയച്ചതായും ഹമാസ് വ്യക്തമാക്കി.
jygjg