അമ്മമാർക്കും വിവാഹിതരായവർക്കും ഇനി മുതൽ വിശ്വസുന്ദരി പട്ടത്തിനായി മത്സരിക്കാം

വിശ്വസുന്ദരി മത്സരത്തിന്റെ നിബന്ധനകളിൽ കാലാനുസൃതമായ പൊളിച്ചെഴുത്ത്. അമ്മമാർക്കും വിവാഹിതരായവർക്കും ഇനി മുതൽ മത്സരത്തിൽ പങ്കെടുക്കാം.18−28 വയസ്സിനിടയിലുള്ള അവിവാഹിതരായ സ്ത്രീകളെയും കുട്ടികളില്ലാത്തവരെയുമായിരുന്നു ഇതുവരെ മത്സരത്തിൽ പങ്കെടുക്കാന്‍ യോഗ്യരായി കണക്കാക്കിയിരുന്നത്. മത്സരത്തിൽ വിജയിക്കുന്നവർ അടുത്ത വിശ്വസുന്ദരിയെ കണ്ടെത്തുന്നത് വരെ അവിവാഹിതരായി തുടരുകയും ഗർഭം ധരിക്കാതിരിക്കുകയും ചെയ്യണം എന്ന നിബന്ധനയുമുണ്ടായിരുന്നു. നിബന്ധനകളിൽ മാറ്റം വരുത്തിയതോടെ ഇനിമുതൽ വിവാഹമോ മാതൃത്വമോ മത്സരത്തിൽ പങ്കെടുക്കുന്നതിന് തടസ്സമാവില്ല.
അടുത്ത വർഷം നടക്കുന്ന 72ആം വിശ്വസുന്ദരി മത്സരം മുതൽ പുതിയ നിബന്ധനകൾ ബാധകമായിരിക്കും. നിബന്ധനകളിലെ മാറ്റം ഏറെ അനിവാര്യമായിരുന്നുവെന്നും ഇതുവരെ ഉണ്ടായിരുന്ന മാനദണ്ഡങ്ങൾ ലിംഗവിവേചനപരവും യാഥാർഥ്യബോധമില്ലാത്തവയുമായിരുന്നെന്നും 2020ൽ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്‌സിക്കോയുടെ ആൻഡ്രിയ മെസ പ്രതികരിച്ചു. എൺപതിലധികം രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന വിശ്വസുന്ദരി മത്സരത്തിന് 1952ലാണ് തുടക്കം കുറിക്കുന്നത്. ഫിന്‍ലന്‍ഡിന്റെ ആർമി കുസേലയായിരുന്നു ആദ്യ വിശ്വസുന്ദരി. വിവാഹം കഴിക്കുന്നതിനായി വിശ്വസുന്ദരി കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഇവർ കിരീടം തിരിച്ചേൽപ്പിച്ചിരുന്നു. 2021ൽ ഇന്ത്യയുടെ ഹർനാസ് സന്ധുവായിരുന്നു വിശ്വസുന്ദരി. സുസ്മിത സെൻ, ലാറ ദത്ത എന്നിവരാണ് വിശ്വസുന്ദരിപ്പട്ടം നേടിയ മറ്റ് ഇന്ത്യക്കാർ.