ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം; നാളെ അറഫാ സംഗമം

ഹജ്ജ് കർമങ്ങൾക്ക് ഇന്ന് തുടക്കം. തീർഥാടക ലക്ഷങ്ങൾ തമ്പുകളുടെ നഗരമായ മിനായിലേക്ക് ഒഴുകുകയാണ്. 10 ലക്ഷത്തോളം തീർഥാടകരാണ് ഹജ്ജ് നിർവഹിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഭൂരിഭാഗം തീർഥാടകരും ഇന്നലെ രാത്രിയോടെ മിനായിലെത്തി.
ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് പത്തു ലക്ഷത്തോളം വരുന്ന തീർഥാടകർ ഇന്ന് മിനായിൽ തംപടിക്കും. ഹജ്ജ് സർവീസ് ഏജൻസി ഒരുക്കിയ ബസുകളിലാണ് തീർഥാടകർ മക്കയിലെ താമസ സ്ഥലത്തു നിന്നും മിനായിലെത്തിയത്.
ഇന്ത്യയിൽ നിന്നുള്ള 79,000 ത്തോളം വരുന്ന തീർഥാടകരിൽ ഭൂരിഭാഗവും ഇന്നലെ രാത്രി തന്നെ മിനായിലെത്തി. ഇന്ന് ഉച്ച മുതൽ മിനായിൽ താമസിക്കുന്നതോടെയാണ് ഹജ്ജ് കർമങ്ങൾ ആരംഭിക്കുന്നത്. ഇനിയുള്ള 6 ദിവസം തീർഥാടകർക്ക് പ്രതീകാത്മക ചടങ്ങുകളുടെയും പ്രാർഥനകളുടെയും ദിനങ്ങളാണ്. നാളെയാണ് അറഫാ സംഗമം. എട്ടര ലക്ഷം വിദേശ തീർഥാടകരും ഒന്നര ലക്ഷം ആഭ്യന്തര തീർഥാടകരുമാണ് ഹജ്ജ് നിർവഹിക്കുന്നത്. കൊവിഡ് കാരണം രണ്ട് വർഷത്തിന് ശേഷമാണ് വിദേശ തീർഥാടകർ ഹജ്ജിനെത്തുന്നത്.