യുക്രെയ്ൻ വിഷയം: റഷ്യയ്ക്കു നേരെ ഉപരോധ നടപടികൾ പ്രഖ്യാപിച്ച് ബ്രിട്ടൺ

യുക്രെയിനിൽ യുദ്ധഭീതി രൂക്ഷമാക്കി രണ്ട് വിമത പ്രവിശ്യകളെ സ്വതന്ത്ര പരമാധികാര രാജ്യങ്ങളായി അംഗീകരിച്ച റഷ്യ അവിടെ സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്ത സാഹചര്യത്തിൽ റഷ്യയ്ക്കു നേരെ ബ്രിട്ടൻ ഉപരോധ നടപടികൾ പ്രഖ്യാപിച്ചു. ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി. റഷ്യൻ അതിസന്പന്നരുടെ ബ്രിട്ടനിലെ സന്പാദ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ട്. അതിനിടെ, യുക്രെയിനിലെ വിമത മേഖലകളിൽ അമേരിക്കൻ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഒപ്പിട്ടു. റഷ്യ ആക്രമണവുമായി മുന്നോട്ടു പോയാൽ പാശ്ചാത്യ രാജ്യങ്ങളുടെ വിപുലമായ ഉപരോധങ്ങൾ ഉണ്ടാവുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി.
യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളും ഉപരോധങ്ങൾ ഏർപ്പെടുത്തും. യുക്രെയിൻ പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്ന് കഴിഞ്ഞ ദിവസം യു.എന്നിൽ നിലപാട് വ്യക്തമാക്കിയ ഇന്ത്യ, റഷ്യൻ സൈനിക നീക്കത്തിനു ശേഷം ഔദ്യോഗിക പ്രതികരണം പുറപ്പെടുവിച്ചിട്ടില്ല.
2014−ൽ യുക്രെയിനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ലുഹാൻസ്‌ക് പീപ്പിൾസ് റിപ്പബ്ലിക് (എൽ. പി. ആർ), ഡൊണെസ്‌ക് പീപ്പിൾസ് റിപ്പബ്ലിക് (ഡി. പി. ആർ) എന്നീ പേരുകൾ സ്വീകരിച്ച വിമത പ്രവിശ്യകളെ സ്വതന്ത്ര രാജ്യങ്ങളായി റഷ്യ അംഗീകരിച്ചത് തിങ്കളാഴ്ചയാണ്. അടിയന്തരമായി വിളിച്ച ദേശീയ സുരക്ഷാ കൗൺസിലാണ് സൈന്യത്തെ വിന്യസിക്കാൻ തീരുമാനിച്ചത്. പിന്നീട് ദേശീയ ടെലിവിഷനിൽ പുട്ടിൻ രോഷാകുലനായി നടത്തിയ ഒരു മണിക്കൂർ പ്രസംഗത്തിൽ യുക്രെയിനിന്റെ ചരിത്രം തിരുത്തുന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു.
മാസങ്ങളായി യുക്രെയിൻ അതിർത്തികളിൽ റഷ്യ ഒന്നര ലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചിരിക്കുകയായിരുന്നു. വിമതരുടെ സായുധ കലാപത്തിന് എട്ടു വർഷമായി പിന്തുണയും നൽകി വന്നു. റഷ്യൻ അധിനിവേശത്തിനു മുന്നോടിയായി ഡൊണെസ്‌കിലെയും ലുഹാൻസ്‌കിലെയും ജനങ്ങളെ ഒരാഴ്‌ചയായി റഷ്യയിലേക്ക് ഒഴിപ്പിക്കുകയായിരുന്നു. ഇതിനായി ജനങ്ങൾക്ക് തിരക്കിട്ട് റഷ്യൻ പാസ്പോർട്ട് നൽകി. റഷ്യൻ നീക്കത്തിനു പിന്നാലെ അടിയന്തര യോഗം ചേർന്ന ഐക്യരാഷ്‌ട്ര രക്ഷാസമിതിയിൽ പുട്ടിനെ ആരും പിന്തുണച്ചില്ല.
സമാധാനപാലനം എന്ന റഷ്യൻ വിശദീകരണം അസംബന്ധമെന്നു പറഞ്ഞ് തള്ളിയ അമേരിക്ക, യുദ്ധത്തിനുള്ള ഒരുക്കമാണ് റഷ്യ നടത്തുന്നതെന്ന് ആരോപിച്ചു. സ്ഥിതി നേരിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.