മധ്യപ്രദേശിലെ ഖനിയിൽ നിന്ന് ഖനിത്തൊഴിലാളിക്ക് കിട്ടിയത് ഒരു കോടിയിലധികം വിലമതിക്കുന്ന വജ്രം

മധ്യപ്രദേശിലെ ആഴം കുറഞ്ഞ ഖനിയിൽ നിന്ന് കണ്ടെത്തിയത് ഒരു കോടി രൂപയിലധികം വിലമതിക്കുന്ന വജ്രം. ചെറുകിട ഇഷ്ടിക ചൂള കച്ചവടം നടത്തുന്ന ആൾക്കാണ് ഈ 26.11 കാരറ്റ് വജ്രം ലഭിച്ചത്. മധ്യപ്രദേശിലെ പന്ന ടൗണിലെ കിഷോർഗഞ്ച് നിവാസിയായ സുശീൽ ശുക്ലയും കൂടെയുള്ളവരും ചേർന്ന് തിങ്കളാഴ്ച കൃഷ്ണ കല്യാൺപൂർ പ്രദേശത്തിനടുത്തുള്ള ഖനിയിൽ നിന്നാണ് വജ്രം കണ്ടെത്തിയത്. രത്നം രണ്ട് ദിവസത്തിനുള്ളിൽ ലേലത്തിന് വയ്ക്കുമെന്നും സർക്കാർ റോയൽറ്റിയും നികുതിയും കിഴിച്ച് ബാക്കിയുള്ള തുക ഖനിത്തൊഴിലാളിക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
വാടകയ്‌ക്കെടുത്ത ഭൂമിയിൽ ചെറിയ തോതിലുള്ള ഇഷ്ടിക ചൂള ബിസിനസ്സ് നടത്തുന്ന ശുക്ല, താനും കുടുംബവും കഴിഞ്ഞ 20 വർഷമായി വജ്ര ഖനന ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ ഇത്രയും വലിയ രത്നം തനിക്ക് ആദ്യമായിട്ടാണ് കിട്ടുന്നതെന്നും മാധ്യമപ്രവർത്തകരോട് പറഞ്ഞു. വജ്രം കണ്ടെത്തിയ ആഴം കുറഞ്ഞ ഖനി അഞ്ച് പങ്കാളികൾക്കൊപ്പം പാട്ടത്തിനെടുത്തതാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1.2 കോടി രൂപയിലധികം രൂപ ലഭിക്കുന്ന വജ്രമാണിത് എന്നാണ് വിലയിരുത്തൽ. “വജ്ര ലേലത്തിന് ശേഷം എനിക്ക് ലഭിക്കുന്ന പണം ഒരു ബിസിനസ്സ് സ്ഥാപിക്കാൻ ഉപയോഗിക്കും.”− സുശീൽ ശുക്ല പറയുന്നു. സംസ്ഥാന തലസ്ഥാനമായ ഭോപ്പാലിൽ നിന്ന് 380 കിലോമീറ്റർ അകലെയുള്ള പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റോളം വിലമതിക്കുന്ന വജ്രങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനുമുന്പ് 2021 സെപ്റ്റംബറിൽ മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഒരു ഖനിയിൽ നിന്ന് 15 വർഷത്തെ തിരച്ചിലിന് ശേഷം നാൽ തൊഴിലാളികൾ ചേർന്ന് 8.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. വർഷങ്ങൾ നീണ്ട തെരെച്ചിലിനൊടുവിൽ 40 ലക്ഷം രൂപയോളം വിലമതിക്കുന്ന ഈ കൽൽ തൊഴിലാളികൾക്ക് ലഭിച്ചത്.
ഇന്ത്യയിലെ വജ്ര ഖനനത്തിന്റെ കേന്ദ്രമാണ് മധ്യപ്രദേശിലെ പന്ന. വളരെക്കാലമായി ഭാഗ്യാന്വേഷികൾ രത്നക്കല്ലുകൾ തേടി ജില്ലയിൽ പരിശോധന തുങ്ങിയിട്ട്. പന്ന ജില്ലയിൽ 12 ലക്ഷം കാരറ്റിന്റെ വജ്രശേഖരം ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇവിടുത്തെ ചില വൻകിട ഖനന പദ്ധതികളും കൂടാതെ വജ്രങ്ങൾക്കായി തെരച്ചിൽ നടത്തുന്ന വ്യക്തികളും ചെറുസംഘങ്ങളും ഉണ്ട്. ഖനനത്തിനായി സർക്കാരിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിലാണ് ഇവ കൂടുതലും ചെയ്യുന്നത്. വജ്രങ്ങൾക്കായി ചരൽ കഴുകുന്ന വ്യക്തികൾക്ക് മധ്യപ്രദേശ് സർക്കാർ 8∗8 മീറ്റർ പ്ലോട്ടുകൾ പാട്ടത്തിന് നൽകുന്നുണ്ട്.