ഹെയ്തി പ്രസിഡന്റ് ജൊവനെൽ‍ മോസെ വെടിയേറ്റു മരിച്ചു


പോർട്ട് ഒ പ്രിൻസ്: ഹെയ്തി പ്രസിഡന്റ് ജൊവനെൽ‍ മോസെ കൊല്ലപ്പെട്ടു. രാത്രി മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതർ‍ നടത്തിയ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാർ‍ട്ടിൻ മോസെ ആശുപത്രിയിൽ‍ ചികിത്സയിലാണ്.

ഹെയ്തിയുടെ ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫാണ് പ്രസിഡന്റ് കൊല്ലപ്പെട്ട കാര്യം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്. അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ക്ലോഡ് പറഞ്ഞു. ദാരിദ്ര്യവും രാഷ്ട്രീയ അസ്ഥിരതയും വർദ്‍ധിച്ചതോടെയാണ് ഹെയ്തിയിൽ‍ അക്രമങ്ങൾ‍ വർദ്‍ധിച്ചത്. ഭക്ഷണക്ഷാമം ഇവിടെ രൂക്ഷമാണ്. വ്യാപകമായ രീതിയിൽ‍ അക്രമങ്ങൾ‍ ഉണ്ടാകുമോ എന്ന ആശങ്കയും നിലനിൽ‍ക്കുകയാണ്. രാഷ്ട്രത്തെ സംരക്ഷിക്കാനുളള എല്ലാ നടപടികളും സ്വീകരിച്ചതായി പ്രധാനമന്ത്രി ക്ലോഡ് ജോസഫ് പറഞ്ഞു.

 പ്രസിഡന്റായി ചുമതലയേറ്റത് മുതൽ‍ കടുത്ത പ്രതിഷേധങ്ങളാണ് മൊസെക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുളളത്. സ്വേച്ഛാധിപത്യം സ്ഥാപിക്കാൻ മോസെ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഫെബ്രുവരിയിൽ‍ മോസെ ഒരു വധശ്രമത്തിൽ‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഈ സംഭവത്തിൽ‍ 20 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed