മ്യാന്‍മറിൽ വെടിവയ്പ്പ്; രണ്ട് മരണം
നയ്പിറ്റോ: സൈനിക അട്ടിമറിക്കെതിരെ പ്രതിഷേധം നടക്കുന്ന മ്യാന്‍മറിൽ വെടിവയ്പ്പ്. രണ്ട് പേർ മരിച്ചു 30 പേർക്ക് പരിക്ക്. വെടിവെയ്പിൽ ഒരു പതിനെട്ടുകാരനും 36 കാരനുമാണ് കൊല്ലപ്പെട്ടത്. മ്യാൻമറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ മാണ്ഡലെയിലായിരുന്നു പ്രതിഷേധം. മാണ്ഡലെയിലെ യാദനാർബൻ ഷിപ്പ് യാർഡിൽ പ്രതിഷേധക്കാരെ തടയാൻ വലിയ പോലീസ് സന്നാഹവും സൈന്യവും നിലയുറപ്പിച്ചിരുന്നു.
പ്രതിഷേധക്കാർ ഇവരോട് പിൻമാറാൻ ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ സേന തയാറായില്ല. പ്രതിഷേധക്കാർക്ക് ഒപ്പമുളള തൊഴിലാളികളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കാനാണ് സേന നിലയുറപ്പിച്ചതെന്ന അഭ്യൂഹം പരന്നിരുന്നു. ഇതേ തുടർന്നാണ് സൈന്യം പിൻമാറണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉന്നയിച്ചത്.




