ഒബാമയും ബിൽഗേറ്റ്സും അടക്കമുള്ള പ്രമുഖരുടെ ട്വിറ്റർ ഹാക്ക് ചെയ്യപ്പെട്ടു
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ ബിറ്റ് കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് റിപ്പോർട്ട്. മുൻ പ്രസിഡന്‍റ് ബരാക് ഒബാമ, ബിൽഗേറ്റ്സ്, എലോണ്‍ മസ്ക്, ജെഫ് ബെസോസ്, നിലവിലെ ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാർഥി ജോ ബൈഡൻ തുടങ്ങിയവരുടെ വൈരിഫൈഡ് അക്കൗണ്ടുകളാണ് ഹാക്ക് ചെയ്യചപ്പെട്ടത്.
ഇത്തരത്തിൽ നിരവധി കോടീശ്വരന്മാരുടെയും ആപ്പിളും ഊബറും അടക്കമുള്ള വൻകിട കന്പനികളുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായി. "നിങ്ങൾ 1,000 ഡോളർ അയക്കൂ ഞങ്ങൾ അത് 2,000 ഡോളറായി മടക്കി നൽകാം' എന്നാണ് പലരുടെയും ട്വിറ്റർ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പെട്ട സന്ദേശം. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം അത് ഡിലീറ്റ് ആകുകയും ചെയ്തു. വെരിഫൈഡ് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചാണ് ഹാക്കിംഗ് നടന്നിട്ടുള്ളതെന്ന് ട്വിറ്റർ അധികൃതർ വ്യക്തമാക്കി. ചില വെരിഫൈഡ് അക്കൗണ്ടുകളുടെ പാസ്‌വേർഡ് മാറ്റാൻ സാധിക്കുന്നില്ലെന്നും പരാതികളുയർന്നിട്ടുണ്ട്. വീണ്ടും ഇത്തരം പ്രവൃത്തികൾക്ക് സാധ്യതയുണ്ടെന്നും അത് നിയന്ത്രിക്കുന്നതിനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്നും ട്വിറ്റർ അധികൃതർ വ്യക്തമാക്കി.

