ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റുമതി: ഇന്ത്യൻ പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ഇസ്രേയല്‍ പ്രധാനമന്ത്രി

ജറുസലേം: ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് കയറ്റി അയച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് ഇസ്രേയൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതൻന്യാഹു. മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിൻവലിച്ചതോടെ അഞ്ച് ടൺ മരുന്ന് ഇസ്രേയലിലെത്തിയതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ നെതൻന്യാഹു നന്ദിയറിയിച്ചത്.
‘നന്ദി, ഇസ്രേയലിലേക്ക് ഹൈഡ്രോക്ലോറോക്വിൻ മരുന്ന് കയറ്റി അയച്ചതിന് എന്റെ പ്രിയ സുഹൃത്തായ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് നന്ദി. ഇസ്രേയൽ പൗരൻമാർ ഒന്നടങ്കം നന്ദി അറിയിക്കുന്നതായും’ ബെഞ്ചമിൻ നെതൻന്യാഹു ട്വറ്ററിൽ കുറിച്ചു. ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നെതൻന്യാഹു മോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കോവിഡ് രോഗികളിൽ ഫലപ്രദമായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റി അയച്ചതിന് കഴിഞ്ഞ ദിവസം അമേരിക്കൻ പ്രധാനമന്ത്രി ഡൊണാൾഡ് ട്രംപും ഇന്ത്യൻ ജനതയ്ക്കും മോദിക്കും നന്ദിയറിയിച്ചിരുന്നു.