2019 ലെ മികച്ച പ്രകടനത്തിന് ബെന്‍ സ്റ്റോക്സിനും എലിസ പെറിക്കും പുരസ്കാരം
ലണ്ടൻ: 2019 ഏകദിന ലോകകപ്പിലെയും ആഷസ് പരമ്പരയിലെയും മികച്ച പ്രകടനം കണക്കിലെടുത്ത് ബെന്‍ സ്റ്റോക്സിന് വിസ്ഡന്റെ ലീഡിംഗ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം. ലീഡിംഗ് വുമണ്‍ ക്രിക്കറ്റര്‍ ഓഫ് 2019 പുരസ്കാരം ഓസ്ട്രേലിയയുടെ എലിസ പെറി സ്വന്തമാക്കി. കഴിഞ്ഞ മൂന്ന് വർഷം തുടര്‍ച്ചയായി ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയാണ് പുരസ്കാരത്തിന് അര്‍ഹനായിരുന്നത്. 2005ൽ ആൻഡ്രൂ ഫ്ളിന്റോഫിന് ശേഷം വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് സ്റ്റോക്സ്. ഇരുപത്തിയെട്ടുകാരനായ സ്റ്റോക്സ് 2019 ലോകകപ്പ് ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായിരുന്നു. സ്റ്റോക്സിന്റെ പോരാട്ടമാണ് ഇംഗ്ലണ്ടിനെ കിരീട വിജയത്തിലെത്തിച്ചത്. ഓസ്ട്രേലിയക്കെതിരായ ആഷസ് പരമ്പരയില്‍ പുറത്താവാതെ 135 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ച് അവിസ്മരണീയ ബാറ്റിംഗ് പ്രകടനവും സ്റ്റോക്സ് കാഴ്ചവച്ചിരുന്നു. ജനുവരിയിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും സ്റ്റോക്സിനാണ് ലഭിച്ചത്. 2019ലെ അഞ്ച് മികച്ച ക്രിക്കറ്റര്‍മാരെയും വിസ്ഡന് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലില്‍ സൂപ്പര്‍ ഓവര്‍ എറിഞ്ഞ ഇംഗ്ലീഷ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ഇക്കൂട്ടത്തിലുണ്ട്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ്, യുവതാരം മാര്‍നസ് ലാബുഷെയ്ന്, ദക്ഷിണാഫ്രിക്കയുടെ സൈമണ്‍ ഹാര്‍മര്‍, ഓസ്ട്രേലിയൻ വനിതാതാരം എലിസ പെറി എന്നിവര്‍ക്കും പുരസ്കാരങ്ങള്‍ ലഭിച്ചു. വനിതാ ലീഡിംഗ് ക്രിക്കറ്റര്‍ക്കുള്ള പുരസ്കാരം എലിസ പെറിക്ക് ലഭിച്ചു. ഇന്ത്യയുടെ സ്മൃതി മന്ദാനയ്ക്കാണ് കഴിഞ്ഞ തവണ ഈ പുരസ്കാരം ലഭിച്ചിരുന്നത്. രണ്ടു തവണ ലീഡിംഗ് വുമണ്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം നേടുന്ന ആദ്യത്തെ താരമാണ് എലിസ പെറി. 2016ലും പെറിക്കായിരുന്നു പുരസ്കാരം. 2019 ആഷസ് പരമ്പരയിലെ ഏക ടെസ്റ്റില്‍ പെറി ആദ്യ ഇന്നിംഗ്സില്‍ 116 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ പുറത്താകാതെ 76 റണ്‍സും നേടി. 2019ലെ ഏകദിനങ്ങളിലും പെറി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ബാറ്റിംഗിലും ബൗളിംഗിലും തിളങ്ങി. രണ്ടു സെഞ്ചുറികൾ 2019ല്‍ സ്വന്തം പേരില്‍ കുറിച്ചു. ഇംഗ്ലണ്ടിനെതിരേ മൂന്നു മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 7/22 എന്ന പ്രകടനവും കാഴ്ചവച്ചു. ബിഗ് ബാഷ് ട്വന്റി 20യിലും പെറി മികച്ച പ്രകടനമാണ് നടത്തിയത്.

