ഐഎസ് തലവനായ കൊടുംഭീകരൻ അബൂബക്കർ അൽ ബഗ്ദാദി മരിച്ചു
വാഷിങ്ടൻ: ആഗോളതലത്തിൽ ഭീകരതയുടെ പര്യായമായി പരിഗണിക്ക പ്പെട്ടിരുന്ന ഐഎസ് തലവനും കൊടുംഭീകരനുമായ അബൂബക്കർ അൽ ബഗ്ദാദി ശരീരത്തിൽ കെട്ടിവച്ചിരുന്ന സ്ഫോടക വസ്തുക്കൾ സ്വയം പൊട്ടിച്ച് മരിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഒക്ടോബർ 26 ശനിയാഴ്ച രാത്രിയായിരുന്നു ബഗ്ദാദിയെ ആത്മഹത്യയി ലേക്ക് നയിച്ച ആക്രമണം യുഎസ് സൈന്യം ആസൂത്രണം ചെയ്തത്. ഇതിന്റെ തൽസമയ ദൃശ്യങ്ങൾ പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തുടങ്ങിയവർ വൈറ്റ് ഹൗസിൽ ഇരുന്നു വീക്ഷിച്ചു.
സിറിയ– തുർക്കി അതിർത്തിയായ ഈലിബിൽ ഐ.എസ് ആസ്ഥാനത്ത് യുഎസ് ഡെൽറ്റാ ഫോഴ്സ് സംഘം ഹെലികോപ്റ്ററിൽ ലാൻഡ് ചെയ്തതോടെ ബഗ്ദാദി താമസിച്ചിരുന്ന സ്ഥലത്ത് നിന്നും തുരങ്കം വഴി രക്ഷപെടാൻ ശ്രമിച്ച ഭീകരനെ കെ. 9. വർഗ്ഗ പരിശീലനം ലഭിച്ച നായ്ക്കൾ പിന്തുടർന്നു. തുരങ്കത്തിൽ നിന്നും രക്ഷപെടാൻ മാർഗമില്ലാതെ ഒടുവിൽ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രക്ഷപ്പെടുന്നതിന് സ്വന്തം കുട്ടികളെ കവചമായി ഉപയോഗിച്ചിരുന്നു. മൂന്നു കുട്ടികളും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ബഗ്ദാദിയെ കൂടാതെ ഇയാളുടെ ഭാര്യയും മറ്റു നിരവധി ഭീകരരും കൊല്ലപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ കണക്കുകൾ പിന്നീട് നൽകുമെന്നും ട്രംപ് പറഞ്ഞു.
മൂന്നു വർഷമായി അമേരിക്ക നോട്ടമിട്ടിരുന്ന ബഗ്ദാദി ഒരു ഭീരുവിനെപോലെയാണ് മരണം വരിച്ചതെന്ന് പ്രസിഡണ്ട് പറഞ്ഞു. ഐഎസ് തിരഞ്ഞെടുക്കുന്ന അടുത്ത തലവന്റേയും ഗതി ഇതിൽ നിന്നും വ്യത്യസ്തമായിരിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

