ശുചിമുറിയെന്നു കരുതി എക്സിറ്റ് വാതിൽ തുറന്നു

ഇസ്‌ലാമാബാദ്: ശുചിമുറിയാണെന്നു തെറ്റിദ്ധരിച്ചു യുവതി എക്സിറ്റ് വാതില്‍ തുറന്നതു പരിഭ്രാന്തി പരത്തി. ഉടനെ വിമാന ജീവനക്കാര്‍ യാത്രക്കാരെ പുറത്തിറക്കി. യുകെയിലെ മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് (പിഐഎ) വിമാനത്തിലാണു സംഭവം.
നാൽപതോളം യാത്രക്കാരുമായി റൺവേയിൽ കിടക്കുകയായിരുന്നു പികെ 702 വിമാനം. ഇതിലെ യാത്രക്കാരി അബദ്ധത്തില്‍ വിമാനത്തിന്‍റെ എക്സിറ്റ് വാതിൽ തുറന്നു. ഇതോടെ വിമാനത്തിലെ എമർജൻസി സംവിധാനങ്ങൾ പ്രവർത്തനക്ഷമമായി. പരിഭ്രാന്തരായ ജീവനക്കാര്‍ യാത്രക്കാരെ അടിയന്തരമായി പുറത്തിറക്കി.മാഞ്ചസ്റ്ററിൽനിന്ന് ഇസ്‌ലാമാബാദിലേക്കു സർവീസ് നടത്തുന്ന വിമാനം ഇതേത്തുടർന്ന് 7 മണിക്കൂർ വൈകിയാണു പറന്നത്. സുരക്ഷാപ്രശ്നങ്ങൾ പരിശോധിച്ചു വിലയിരുത്താനാണ് ഇത്രയും സമയമെടുത്തത്. യാത്രക്കാർക്കു മറ്റു വിമാനങ്ങളിൽ സൗകര്യമൊരുക്കി കൊടുത്തതായി പിഐഎ വക്താവ് അറിയിച്ചു. |