ഇസ്രായേലിനെതിരായ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു

ഐക്യരാഷ്ട്രസഭയില്‍ ഇസ്രായേലിനെതിരായ പ്രമേയം അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഇസ്രായേൽ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് അന്താരാഷ്ട്ര നിരീക്ഷകരെ പുറത്താക്കാനുളള ഇസ്രായേൽ നീക്കത്തിനെതിരെ പ്രമേയം അവതരിപ്പിക്കാനായിരുന്നു പാലസ്തീൻ അനുകൂല രാഷ്ട്രങ്ങളുടെ നീക്കം. അമേരിക്ക വീറ്റോ ചെയ്തതോടെ നീക്കം പരാജയപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലെ ഇന്തോനേഷ്യ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളുടെ പ്രതിനിധികളാണ് ഇസ്രായേലിനെതിരെ പ്രമേയം അവതരിപ്പിക്കാൻ ശ്രമിച്ചത്. അധിനിവേശ വെസ്റ്റ് ബാങ്കിലെ ഹെബ്രോണിൽ നിന്ന് നിരീക്ഷകരെ പുറത്താക്കാനുളള ഇസ്രായേൽ നീക്കത്തിനെതിരെയായിരുന്നു പ്രമേയം.
നിരീക്ഷകരെ പുറത്താക്കുന്നതോടെ അക്രമങ്ങൾ വൻതോതിൽ വർദ്ധിക്കുമെന്ന ആശങ്കകൾക്കിടെയാണ് നീക്കത്തിനെതിരെ പ്രമേയമവതരിപ്പിക്കാൻ പാലസ്തീൻ അനുകൂല രാഷ്ട്രങ്ങൾ ശ്രമിച്ചത്. എന്നാൽ, ഏകപക്ഷീയമായി ഇസ്രായേലിനെ ആക്രമിക്കാനുള്ള ശ്രമമാണെന്നാരോപിച്ച് നീക്കം അമേരിക്ക പരാജയപ്പെടുത്തുകയായിരുന്നു. യു.എൻ കാലങ്ങളായി ഇസ്രായേൽ വിരുദ്ധ നയങ്ങളാണ് പിന്തുടരുന്നതെന്നും യു.എസ് ആരോപിച്ചു. ഇതിനു മുന്പും ഇസ്രേയേലിനെതിരെ പ്രമേയമവതരിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം അമേരിക്ക പരാജയപ്പെടുത്തിയിരുന്നു.