യു.എസിൽ നിന്ന് 30 വിദ്യാർത്ഥികൾ നാട്ടിലെത്തി

അമേരിക്കയിലെ വ്യാജ യൂണിവേഴ്സിറ്റിയിൽ ചേർന്നു കുടുക്കിലായ ഇന്ത്യൻ വിദ്യാർത്ഥികളിൽ 30 പേർ നാട്ടിൽ തിരിച്ചെത്തി. ആന്ധ്രാപ്രദേശ്, തെലുങ്കാന എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാർത്ഥികളാണ് തിരിച്ചെത്തിയത്. വിസ പ്രശ്നത്തിൽ യു.എസ് ഇവരെ തടഞ്ഞുവയ്ക്കുകയോ നോട്ടീസ് നൽകുകയോ ചെയ്തിരുന്നില്ലെന്ന് തെലുങ്കാന അധികൃതർ പറഞ്ഞു. വിദ്യാർത്ഥികളെ ഇന്ത്യയിലേക്ക് തിരികെ അയക്കുന്നതിനു ഇന്ത്യൻ വിദേശകാര്യവകുപ്പ് ഉദ്യോഗസ്ഥർ അമേരിക്കൻ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിസ ചട്ടലംഘനം നടത്തുന്നവരെ കുടുക്കിലാക്കാൻ യു.എസ് അധികൃതർ തന്നെയാണ് മിഷിഗണിൽ വ്യാജ യൂണിവേഴ്സിറ്റി സ്ഥാപിച്ചത്. ഫാമിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ ബുധനാഴ്ച ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിലാണ് വിദേശ വിദ്യാർത്ഥികൾ പിടിയിലായത്. അറുന്നൂറോളം വിദ്യാർത്ഥികൾ കുടുങ്ങി. ഇതിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ എട്ട് റിക്രൂട്ടർമാരും അറസ്റ്റിലായി. സ്റ്റുഡന്‍റ് വിസയിൽ എത്തിയ പല വിദ്യാർത്ഥികളും ജോലി ചെയ്യാൻ സൗകര്യം കിട്ടുമെന്നു കരുതി ഈ യൂണിവേഴ്സിറ്റിയിൽ ചേരുകയായിരുന്നു.