കുവൈത്തിൽ ട്രാവൽ ഏജൻസികൾ വ്യത്യസ്ത വിമാനടിക്കറ്റ് നിരക്ക് നൽകരുതെന്ന് മുന്നറിയിപ്പ്

വിമാന കന്പനികൾ നിശ്ചയിച്ചതിൽ നിന്ന് വ്യത്യസ്തമായി ടിക്കറ്റ് നിരക്ക് പരസ്യപ്പെടുത്തരുതെന്ന് ട്രാവൽ ഏജൻസികൾക്ക് വ്യോമയാന ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്കി. വിമാന കന്പനികൾ നിശ്ചയിച്ച നിരക്ക് മാത്രമേ പരസ്യപ്പെടുത്താവൂ. വിമാന കന്പനികൾ നിശ്ചയിച്ച ഉപാധികളും ബാധകമായിരിക്കണം. കന്പനി നിശ്ചയിച്ച മാനദണ്ധം അനുസരിച്ച് മാത്രമായിരിക്കണം ട്രാവൽ ഏജൻസികളും ടൂറിസം കന്പനികളും ടിക്കറ്റുകൾ വിൽക്കേണ്ടതെന്നും ഡയറക്ടറേറ്റ് അറിയിച്ചു.
നിർദേശം ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും വ്യോമയാന ഡയറക്ടറേറ്റ് വ്യക്തമാക്കി. ഉത്തരവാദിത്തമില്ലാതെ ഓൺലൈൻ വഴി വിമാന ടിക്കറ്റ് വിൽക്കുന്നതുവഴി വിമാന കന്പനികൾക്ക് നഷ്ടം സംഭവിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിൽ ട്രാവൽ ഏജൻസികളുടെ ഓൺലൈൻ വഴിയുള്ള ടിക്കറ്റ് വിൽപന നിരീക്ഷണവിധേയമാക്കുമെന്ന് കഴിഞ്ഞ ദിവസം അധികൃതർ വ്യക്തമാക്കിയിരുന്നു.