അലാസ്കയിൽ ശക്തമായ ഭൂചലനവും നാല്പതോളം തുടർ ചലനങ്ങളും


ആങ്കറേജ് : അലാസ്കയിൽ ശക്തമായ ഭൂചലനവും നാല്പതോളം തുടർ ചലനങ്ങളും. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെത്തുടർന്നു വൻ നാശനഷ്ടങ്ങളാണുണ്ടായത്. എന്നാൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു അലാസ്കയിലെ ഏറ്റവും വലിയ നഗരമായ ആങ്കറേജിൽ ഉൾപ്പെടെ ഭൂചലനമുണ്ടായത്. ഭൂകമ്പത്തെത്തുടർന്ന് അലാസ്കയെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആങ്കറേജിലായിരുന്നു ഏറ്റവും തീവ്രതയേറിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇവിടെ നിന്ന് 11 കി.മീ. മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കൽ സർവേ(യുഎസ്ജിഎസ്) വ്യക്തമാക്കി. ആദ്യ ഭൂചലനത്തിനു ശേഷം തുടർ പ്രകമ്പനങ്ങളുണ്ടായതാണ് നാശനഷ്ടങ്ങളുടെ ആക്കം കൂട്ടിയത്. ഏകദേശം 40 തുടർ പ്രകമ്പനങ്ങളുണ്ടായി. ഇതിൽ പത്തെണ്ണത്തിനു തീവ്രത നാലിനു മുകളിലായിരുന്നു. മൂന്നെണ്ണത്തിനു തീവ്രത അഞ്ചിനു മുകളിലും.

ഭൂകമ്പത്തെത്തുടർന്ന് കുക്ക് ഇൻലെറ്റിലും കിഴക്കൻ കീനായ് പെനിൻസുലയിലും സൂനാമി മുന്നറിയിപ്പു നൽകിയത് പിന്നീട് പിൻവലിച്ചു. ഹവായ് ദ്വീപുകൾ ഉൾപ്പെടെ സുരക്ഷിതമാണെന്ന് യുഎസ് അറിയിച്ചു. റോഡുകൾക്കും കെട്ടിടങ്ങൾക്കും പാലങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണെന്നും ഗവർണർ ബിൽ വോക്കർ പറഞ്ഞു.

You might also like

Most Viewed