സക്കീർ നായിക്ക് മലേഷ്യൻ പ്രധാനമന്ത്രിയെ കണ്ടു


ക്വാലാലന്പൂർ : ഇന്ത്യയിൽ പിടികിട്ടാപ്പുള്ളിയായ വിവാദ പ്രാസംഗികനായ സക്കീർ നായിക് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. മലേഷ്യയിലെ നിയമം ലംഘിക്കാത്തിടത്തോളം കാലം സക്കീറിനെ ഇന്ത്യയ്ക്കു കൈമാറില്ലെന്ന് മഹാതിർ മുഹമ്മദ് അറിയിച്ചു. കള്ളപ്പണം, ഭീകരരുമായുള്ള ബന്ധം എന്നിവയുടെ പേരിലാണ് സക്കീറിനെ കസ്റ്റഡിയിലെടുക്കാൻ ഇന്ത്യൻ ഏജൻസികൾ ശ്രമിക്കുന്നത്.
ഇന്ത്യയുടെ ആവശ്യം നിരാകരിച്ചത് മലേഷ്യയിലെ ഭരണ കക്ഷിയായ പകാതൻ പരാപൻ സഖ്യത്തിന്റെ രാഷ്ട്രീയ നീക്കമായാണ് കരുതുന്നത്. ഇസ്ലാമിക മതപ്രഭാഷകൻ എന്ന നിലയിലാണ് സക്കീറിനെ കാണുന്നതെന്നാണ് മലേഷ്യ വ്യക്തമാക്കിയത്. മഹാതിരും സക്കീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പുറത്ത് വന്നു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തു വന്നിട്ടില്ല.
മലേഷ്യയിൽ സ്ഥിരം പൗരത്വമുള്ള സക്കീർ രാജ്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്താൽ മാത്രമേ നടപടിയെടുക്കാനാവൂ എന്നാണ് ഇന്ത്യയുടെ ആവശ്യത്തോട് പ്രധാനമന്ത്രി മഹാതിറിന്റെ പ്രതികരണം.