ബ്രെക്സിറ്റ് സെക്രട്ടറി രാജിവെച്ചു

ലണ്ടൻ : ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് രാജിവെച്ചു. ബ്രെക്സിറ്റിന് ശേഷമുള്ള ബ്രിട്ടൻ −യൂറോപ്യൻ യൂണിയൻ സഹകരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി തെരേസാ മേയുടെ പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രാജി.
2016ലാണ് ഡേവിഡ് ഡേവിസിനെ ബ്രിട്ടൻ ബ്രെക്സിറ്റ് സെക്രട്ടറിയായി നിയമിച്ചത്. യൂറോപ്യൻ യൂണിയനുമായുള്ള ബ്രെക്സിറ്റ് ചർച്ചകൾക്ക് നേതൃത്വം നൽകിയിരുന്നത് ഡേവിസ് ആയിരുന്നു. പ്രധാനമന്ത്രിയുടെ പദ്ധതിയോട് ഡേവിസ് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
നേരത്തെ, മേയുടെ വസതിയിൽ നടന്ന ചർച്ചയ്ക്ക് ശേഷമാണ് മന്ത്രിസഭാംഗങ്ങൾ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത്. കാർഷികോൽപ്പന്നങ്ങളുടെയും വ്യാവസായികോൽപ്പന്നങ്ങളുടെയും വിപണനത്തിന് പൊതുവായ നിയമാവലി കൊണ്ടുവരണമെന്നാണ് പദ്ധതിയിലൂടെ നിർദ്ദേശിക്കുന്നത്. ബ്രെക്സിറ്റ് വ്യവസ്ഥകൾ മയപ്പെടുത്തിയതിനെതിരെ കടുത്ത ബ്രെക്സിറ്റ് വാദികൾ വിമർശവുമായി രംഗത്തെത്തിയിരുന്നു.
ബ്രെക്സിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് തെരേസാ മേ കൊണ്ടുവരുന്ന മാറ്റങ്ങൾ എന്ന് ഡേവിസ് തന്റെ രാജിക്കത്തിൽ ആരോപിക്കുന്നു.
വ്യാപാര നയങ്ങളിൽ വരുന്ന മാറ്റങ്ങളോടാണ് ഡേവിസുൾപ്പെടെയുള്ളവരുടെ എതിർപ്പ്. നിലവിലെ മാറ്റങ്ങൾ ഭാവിയിൽ വ്യവസ്ഥകളിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുന്നതിന് വഴി തെളിക്കുമെന്നും ഡേവിസ് രാജിക്കത്തിൽ പറയുന്നു.