ചൈന ഉറ്റ മിത്രം : ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ

ബെയ്ജിംഗ് : ചൈന തങ്ങളുടെ ഉറ്റമിത്രമാണെന്ന് റഷ്യൻ പ്രസിഡണ്ട് വ്ളാദിമിർ പുടിൻ. ഇന്നലെ ചൈനയിലെ ക്വിൻഡാവോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന(എസ്സിഒ)യുടെ ദ്വിദിന വാർഷിക സമ്മേളനത്തിൽ പുടിനും ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്ങും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരു രാജ്യങ്ങളും യു.എസിനെ കൈകോർക്കുമെന്ന സൂചനകൾ നൽകിയത്. അമേരിക്കയുടെ സാന്പത്തിക, നയതന്ത്ര വെല്ലുവിളിക്കെതിരെ റഷ്യയും ചൈനയും കൈകോർക്കും. സാന്പത്തിക എതിരാളികളാണ് റഷ്യയും ചൈനയും എന്ന യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനയെ വെല്ലുവിളിച്ചുകൊണ്ടാണ് സൗഹൃദം ദൃഡമാണെന്ന് ഇരു രാജ്യങ്ങളും ഉറപ്പിച്ചത്. ചൈനയെയും റഷ്യയും വീണ്ടും മഹത്തുറ്റതാക്കാൻ ആഗ്രഹിക്കുന്ന ആത്മ മിത്രങ്ങളാണ് പുടിനും ഷി ജിൻപിങ്ങുമെന്ന് റഷ്യൻ വക്താവ് ആലക്സാണ്ടർ ഗബുയേവ് പറഞ്ഞു.
അതേ സമയം യുഎസ് പ്രസിഡണ്ട് ട്രംപുമായി ആസന്നഭാവിയിൽ കൂടിക്കാഴ്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പറഞ്ഞു. റഷ്യയെ തിരിച്ചെടുക്കാൻ ജി-7 ഗ്രൂപ്പിനോട് ട്രംപ് ആവശ്യപ്പെട്ടെന്ന വാർത്തയെക്കുറിച്ച് ക്വിൻഡാവോയിൽ റിപ്പോർട്ടർമാരോടു പ്രതികരിക്കുകയായിരുന്നു പുടിൻ. ഉച്ചകോടിക്കുള്ള വേദിയായി വിയന്നയെ പരിഗണിക്കാമെന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇത്തരമൊരു ഉച്ചകോടി പ്രയോജനപ്രദമാവുമെന്നു നേരത്തെ ട്രംപ് പറഞ്ഞിട്ടുണ്ട്. ഇതിനോടു താനും യോജിക്കുന്നു- പുടിൻ പറഞ്ഞു.
ജി-എട്ട് ക്ലബിൽ നിന്ന് റഷ്യ സ്വമേധയാ പുറത്തുപോയതല്ല. റഷ്യയിലെ സമ്മേളനത്തിന് വരാൻ അവർ വിസമ്മതിക്കുകയായിരുന്നു. ഇനിയാണെങ്കിലും എല്ലാവരും റഷ്യയിൽ എത്തുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും- പുടിൻ വ്യക്തമാക്കി.