സർക്കാരിന്റെ പ്രവർത്തനം തടയാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് കേജരിവാൾ

ന്യൂഡൽഹി : ഡൽഹി സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തന്റെ സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ലഫ്റ്റനന്റ് ഗവർണർ, ഐ.എ.എസ് ഓഫീസർമാർ, സിബിഐ, എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ എന്നിവരെയൊക്കെ ഉപയോഗിച്ച് കേന്ദ്രസർക്കാരും പ്രധാനമന്ത്രിയുടെ ഓഫീസും പരിശ്രമിച്ച് കൊണ്ടിരിക്കുകയാണെന്ന് കേജരിവാൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ മർദിച്ചുവെന്ന ആരോപണം വന്ന ശേഷം മന്ത്രിസഭാ യോഗം ബഹിഷ്കരിച്ച് സമരം ചെയ്യുന്ന ഉദ്യോഗസ്ഥരെ സമരം തുടരാനായി കേന്ദ്രസർക്കാർ ഭീഷണിപ്പെടുത്തുകയാണ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ആസൂത്രണത്തോടെ ലഫ്റ്റനന്റ് ഗവർണറാണ് സമരം ക്രോഡീകരിക്കുന്നത്. എഎപി സർക്കാർ അധികാരമേറ്റ ശേഷം മന്ത്രിമാർക്കെതിരേയും അവരുടെ ബന്ധുക്കൾക്കെതിരേയും 14 കേസുകളാണ് സിബിഐയും അഴിമിതി വിരുദ്ധ വിഭാഗവും ചുമത്തിയിരിക്കുന്നത്. പക്ഷെ ഒന്നിലും അറസ്റ്റ് നടന്നിട്ടില്ല. അപ്പോൾ ലക്ഷ്യം സർക്കാർ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക എന്നത് മാത്രമാണ്. തനിക്കും, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കുമെതിരേയും കേസുകൾ ചമുത്തി. ഈ കേസുകൾക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് തനിക്കറിയണമെന്നും എല്ലാ ദിവസവും തനിക്കെതിരേ പുതിയ കേസുകൾ ചമുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.