ഗ്വാട്ടിമാലയിലെ മുൻ ഏകാധിപതി എഫ്രയിൻ റയോസ് മോൺട്ട് അന്തരിച്ചു
ഗ്വാട്ടിമാല സിറ്റി : ഗ്വാട്ടിമാലയിലെ മുൻ ഏകാധിപതി എഫ്രയിൻ റയോസ് മോൺട്ട് (91) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പട്ടാള അട്ടിമറിയിലൂടെ 1982 മുതൽ 83 വരെ ഗ്വാട്ടിമാല ഭരിച്ചിരുന്ന മോൺട്ട് കൂട്ടക്കുരുതി കേസിൽ വിചാരണ നേരിടുകയായിരുന്നു.
കേവലം 17 മാസം മാത്രം നീണ്ട ഭരണത്തിനിടെ 1771 മായൻ ഇന്ത്യക്കാരെ കൂട്ടക്കുരുതി നടത്താൻ എഫ്രയിൻ ഉത്തരവിട്ടുവെന്ന കേസിലായിരുന്നു വിചാരണ. 2013ൽ മോൺട്ടിനെ കുറ്റക്കാരനായി കണ്ടെത്തിയ കോടതി 80 വർഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഈ വിധി സുപ്രീം കോടതി റദ്ദാക്കി. 2015ൽ മോൺട്ടിന് മറവിരോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ മോൺട്ടിനെതിരായ വിചാരണ നടപടികൾ പുനരാരംഭിച്ചിരുന്നു.

