പാരിസ് വൈകാതെ ഒരു മുസ്ലിം നഗരമായി മാറും; ഫ്രാൻസിലെ പ്രക്ഷോഭങ്ങൾക്ക് കാരണം കുടിയേറ്റമെന്ന് ഡോണൾഡ് ട്രംപ്
ശാരിക
വാഷിംഗ്ടൺ: ഫ്രഞ്ച് തലസ്ഥാനമായ പാരിസ് വൈകാതെ ഒരു മുസ്ലിം നഗരമായി മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഫ്രാൻസിലെ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ വാഷിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസിലെ പ്രക്ഷോഭങ്ങള്ക്ക് കാരണം കുടിയേറ്റമാണെന്ന ആരോപണം ട്രംപ് ആവർത്തിച്ചു. അതിർത്തികൾ അടച്ചുപൂട്ടി കുടിയേറ്റം പൂർണ്ണമായി നിയന്ത്രിക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോടും മറ്റ് യൂറോപ്യൻ രാജ്യങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടു.
ഫ്രാൻസിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് സ്കൂളുകളെയോ മറ്റ് വിഷയങ്ങളെയോ സംബന്ധിച്ചല്ല, മറിച്ച് കേവലം കുടിയേറ്റം കാരണം മാത്രമാണെന്നും അതിർത്തികൾ പൂർണ്ണമായി അടയ്ക്കണമെന്ന് താൻ മാക്രോണിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തെമ്പാടുമുള്ള ആളുകളെ രാജ്യത്ത് എത്താൻ അനുവദിക്കുന്നതിലൂടെ വലിയൊരു തെറ്റാണ് ഫ്രാൻസ് ചെയ്യുന്നതെന്ന് താൻ പണ്ട് തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
യൂറോപ്പ് അതിർത്തികൾ അടച്ച്, പ്രതിഷേധങ്ങളുടെ മറവിൽ നടക്കുന്ന അക്രമങ്ങൾക്ക് പിന്നിലെ കുറ്റവാളികളെ പുറത്താക്കിയില്ലെങ്കിൽ യൂറോപ്പിന്റെ ഭാവി തന്നെ അപകടത്തിലാകുമെന്ന് ട്രംപ് ആരോപിച്ചു. ജീവിതച്ചിലവ് വർധിച്ചതിനെതിരെ പാരിസിലും മറ്റ് പ്രധാന നഗരങ്ങളിലും നടന്ന റാലികൾ അക്രമങ്ങളിലേക്കും തീവെപ്പിലേക്കും വഴിമാറുകയായിരുന്നു. അടുത്ത കാലത്തൊന്നും ഫ്രാൻസ് കണ്ടിട്ടില്ലാത്ത വിധം അക്രമങ്ങളാണ് നടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പാരിസ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ നിലവിൽ പ്രാദേശിക കർഫ്യൂവും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
േ്ിേ്

