ഗാസ കൂട്ടക്കൊല : യു.എൻ പ്രസ്താവന അമേരിക്ക തടഞ്ഞു
ന്യൂയോർക്ക് : ഇസ്രയേൽ സേനയുടെ വെടിയേറ്റ് 17 പലസ്തീൻ പ്രക്ഷോഭകർ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന യുഎൻ രക്ഷാസമിതിയുടെ കരട് പ്രസ്താവന അമേരിക്ക ഇടപെട്ട് തടഞ്ഞു. രക്ഷാസമിതിയിൽ കുവൈത്ത് ആണ് പ്രസ്താവന തയ്യാറാക്കിയത്.
ഗാസ അതിർത്തിയിൽ വെള്ളിയാഴ്ച നടന്ന സംഘർഷത്തെക്കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്നും മനുഷ്യാവകാശങ്ങൾ മാനിക്കാൻ ഇസ്രയേൽ തയ്യാറാകണമെന്നും പ്രതാവനയിൽ ആവശ്യപ്പെടുന്നു. വെള്ളിയാഴ്ചയാണ് പ്രസ്താവന അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. എന്നാൽ ശനിയാഴ്ച യുഎസ് വിയോജിപ്പ് പ്രകടിപ്പിക്കുകയും പ്രസ്താവന തടയുകയും ചെയ്തു.
ഗ്രേറ്റ് മാർച്ച് ഓഫ് റിട്ടേൺ എന്ന പേരിൽ ആറാഴ്ച നീളുന്ന പ്രക്ഷോഭപരിപാടിക്കാണ് വെള്ളിയാഴ്ച ഗാസ അതിർത്തിയിൽ തുടക്കം കുറിച്ചത്. പലസ്തീൻകാർക്ക് നേരേ ഇസ്രേലി സേന നടത്തിയ വെടിവയ്പിൽ 17 പേർ കൊല്ലപ്പെട്ടു. 1400 പേർക്ക് പരിക്കേറ്റു. ഇതിൽ 758 പേരുടെ പരിക്ക് വെടിയേറ്റാണ്. ശേഷിക്കുന്നവരുടെ പരിക്ക് റബർ വെടിയുണ്ടകളേറ്റും കണ്ണീർ വാതകം ശ്വസിച്ചുമാണ്.
ഇസ്രേലി അക്രമത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ ജനറൽ സെക്രട്ടറി അന്‍റോണിയോ ഗുട്ടെരസ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ യൂണിയനും ആംനസ്റ്റി ഇന്‍റർനാഷണലും ഇക്കാര്യം ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം വേണ്ടെന്ന് ഇസ്രേലി പ്രതിരോധമന്ത്രി അവിഗ്ദോർ ലീബർമാൻ പറഞ്ഞു.
അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീകരനാണെന്ന് തുർക്കി പ്രസിഡണ്ട് റജബ് ത്വയ്യിബ് എർദോഗാൻ പറഞ്ഞു. ഗാസയിൽ നിരായുധരായ സമരക്കാരെ വെടിവെച്ചുകൊന്നത് ഭീകരതയിൽ കുറഞ്ഞ ഒന്നുമല്ലെന്ന് എർദോഗാൻ പറഞ്ഞു. അദാനയിൽ ആയിരങ്ങൾ അണിനിരന്ന പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എർദോഗാൻ. നെതന്യാഹുവിനെതിരെഅതിരൂക്ഷമായ വിമർശനമാണ് തുർക്കി പ്രസിഡണ്ട് നടത്തിയത്. നിരായുധരായ സമരക്കാരെ വെടിവെച്ചുകൊന്നത് ഭീകര കൃത്യവും ഭീരുത്വവുമാണെന്ന് ആരോപിച്ച എർദോഗാൻ, നെതന്യാഹുവിനെ ടെററിസ്റ്റ് എന്നാണ് അഭിസംബോധന ചെയ്തത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ പേരെടുത്ത് പറഞ്ഞായിരുന്നു വിമർശനം. സിറിയയിൽ വിവേചന രഹിതമായി ബോംബ് വർഷിക്കുന്ന തുർക്കി ഇസ്രായേലിനെ ഉപദേശിക്കാൻ വരേണ്ട എന്നായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം. ലോകത്തെ ഏറ്റവും ധാർമ്മികതയുള്ള സൈന്യത്തിന് തുർക്കിയുടെ ഉപദേശം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

