ജർമനിയിൽ എസ്.പി.ഡിയിൽ പോരു മുറുകി

ബെർലിൻ : ജർമനിയിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിശാല മുന്നണി സർക്കാർ അധികാരത്തിലെന്ന പ്രതീക്ഷയ്ക്കു മങ്ങലേൽപ്പിച്ചുകൊണ്ട് മുന്നണിയിലെ ഘടകകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ (എസ്.പി.ഡി) നേതൃത്വത്തിനുവേണ്ടിയുള്ള പോരു മുറുകി.
ഉപചാൻസലറും വിദേശകാര്യമന്ത്രിയുമാകുമെന്നു പ്രതീക്ഷിച്ചിരുന്ന എസ്.പി.ഡി നേതാവ് മാർട്ടിൻ ഷുൾസ് പിന്മാറി പകരം ഇടക്കാല നേതാവായി ആൻഡ്രിയ നഹലേസിനെ(47) കൊണ്ടുവരാൻ തിടുക്കത്തിൽ തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം.
ഇതിനിടെ വിശാല മുന്നണി സർക്കാർ സംബന്ധിച്ചു പാർട്ടി അണികൾക്കിടയിൽ നടത്തിയ വോട്ടെടുപ്പിന്റെ ഫലം മാർച്ച് നാലിനു പുറത്തുവരുന്നതും നിർണായകമാകും. നാലാം വട്ടവും ചാൻസലർ പദവിയിലെത്തുന്ന അംഗല മെർക്കലിന്റെ പാർട്ടിയിലും മുറുമുറുപ്പുണ്ട്. വിശാല മുന്നണി യാഥാർത്ഥ്യമാകാൻ വേണ്ടി എസ്.പി.ഡിക്കു വിദേശം, ധനം, തൊഴിൽ അടക്കം ആറു പ്രധാന വകുപ്പുകൾ വിട്ടുകൊടുത്തതാണു കൺസർവേറ്റിവ് പാർട്ടിയിലെ ഇപ്പോഴത്തെ അസ്വസ്ഥതയ്ക്കു കാരണമായി വിലയിരുത്തപ്പെടുന്നത്.