പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടലിനെക്കുറിച്ചുള്ള അന്വേഷണത്തെ വിമർശിച്ച് ട്രംപ്

വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ റഷ്യ നടത്തിയ ഇടപെടലിനെ കുറിച്ചുള്ള എഫ്.ബി.ഐ അന്വേഷണത്തെ വിമർശിച്ച് ഡോണൾഡ് ട്രംപ്. ആരോപണം വ്യാജമാണെന്ന് നേരത്തെ തെളിഞ്ഞതാണെന്നും തന്നെ കുറ്റക്കാരനാക്കാൻ മനഃപൂർവമുളള ശ്രമങ്ങളാണ് നടക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, അന്വേഷണത്തിന്‍റെ ഭാഗമായുള്ള ആദ്യ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് സൂചന.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ റഷ്യ സഹായിച്ചുവെന്ന ആരോപണം വ്യാജമാണെന്നും എതിരഭിപ്രായം പറയുന്നവരെ തേടിപ്പിടിച്ച് ബുദ്ധിമുട്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. ഹിലരി ക്ലിന്‍റൺ ഉൾപ്പെടെയുള്ളവരുടെ തെറ്റുകൾ മറച്ചുവെക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വസ്തുതാ വിരുദ്ധമായ ആരോപണങ്ങളാണ് ഡൊമോക്രാട്ടിക് പാർട്ടി നേതാക്കൾ ഉന്നയിക്കുന്നതെന്നും ട്രംപ് ട്വിറ്ററിൽ കുറിച്ചു.
റിപ്പബ്ലിക്കൻ പാർട്ടി ഒറ്റക്കെട്ടായി കൂടെയുണ്ടെന്നും ട്രംപ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അന്വേഷണത്തിന് നേതൃത്വം നൽകുന്ന എഫ്.ബി.ഐ മുൻ ഡയറക്ടർ റോബർട്ട് മ്യൂളറിനെ വിമർശിച്ച് മുതിർന്ന റിപ്പബ്ലിക്കൻ പാർട്ടി നേതാക്കളും രംഗത്തെത്തി. അന്വേഷണ റിപ്പോർട്ട് ചോർന്നെന്നും അന്വേഷണത്തിൽ നിന്ന് മ്യൂളർ പിന്‍മാറണമെന്നും റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെട്ടു. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും ട്രംപിന്‍റെ മുൻ ഉപദേഷ്ടാക്കളെയും അന്വേഷണത്തിന്‍റെ ഭാഗമായി റോബർട്ട് മ്യൂളർ നേരത്തെ ചോദ്യം ചെയ്തിരുന്നു. എഫ്.ബി.ഐ ഡയറക്ടറായിരുന്ന ജെയിംസ് കോമിയെ ട്രംപ് പുറത്താക്കിയതിന് പിന്നാലെയാണ് റോബർട്ട് മ്യൂളർ അന്വേഷണം ഏറ്റെടുക്കുന്നത്.