കെനിയയിൽ കലാപം ശക്തമാകുന്നു

കെനിയ : വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയതിനെത്തുടർന്നുണ്ടായ കലാപം കെനിയയിൽ ശക്തമാകുന്നു. ആഗസ്റ്റിൽ നടന്ന തിരഞ്ഞെടുപ്പ് സുപ്രീംകോടതി റദ്ദാക്കിയതിനെത്തുടർന്നാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച കെനിയയിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. വിവിധയിടങ്ങളിലുണ്ടായ കലാപത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് അനൌദ്യോഗിക വിവരം. സർക്കാർ അനുകൂലികളും പ്രതിപക്ഷ അംഗങ്ങളും പലയിടത്തും പരസ്‍പരം ഏറ്റുമുട്ടി.
്രപതിപക്ഷം ബഹിഷ്കരിച്ച രണ്ടാം തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 34 ശതമാനത്തിന് താഴെ മാത്രമായിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് വലിയ കലാപമാണ് പൊട്ടിപ്പുറപ്പെട്ടത്. നെയ്റോബിയിലെ നിരവധി കച്ചവട സ്ഥാപനങ്ങൾ കലാപകാരികൾ നശിപ്പിച്ചു. വലിയ പോലീസ് സന്നാഹത്തെ രാജ്യത്തുടനീളം സർക്കാർ വിന്യസിച്ചിട്ടുണ്ട്. പോലീസും കലാപകാരികളും തമ്മിൽ പലയിടത്തും ഏറ്റുമുട്ടി.
ആദ്യ നടന്ന തിരഞ്ഞെടുപ്പിൽ ഉഹുറു കെനിയാത്ത സർക്കാർ കൃത്രിമം നടത്തിയെന്നായിരുന്നും മുഖ്യപ്രതിപക്ഷമായ നാസ പാർട്ടിയുടെ തലവൻ റെയില ഒഡിംഗ ആരോപിച്ചത്.
തിരഞ്ഞെടുപ്പ് കമ്മിഷനിൽ സമൂലമായ മാറ്റം വരുത്താതെ തിരഞ്ഞെടുപ്പിൽ സഹകരിക്കില്ലെന്നാണ് പ്രതിപക്ഷനേതാവായ ഒഡിംഗയുടെ തീരുമാനം. കലാപത്തെത്തുടർന്ന് രാജ്യം കടുത്ത അരക്ഷിതാവസ്ഥിയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്.