ഷെറിൻ മാത്യൂസിന്റെ മൃതദേഹം വിട്ടുകൊടുത്തു

ഹൂസ്റ്റൺ : വീട്ടിൽ നിന്ന് കാണാതായി മരണപ്പെട്ട മൂന്ന് വയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം മെഡിക്കൽ എക്‌സാമിനർ വിട്ടുകൊടുത്തു. ആർക്കാണ് മൃതദേഹം കൊടുത്തതെന്ന് ഡാലസ് കൗണ്ടി മെഡിക്കൽ എക്‌സാമിനർ ഇനിയും വ്യക്തമാക്കിയിട്ടില്ല. അതേസമയം കുട്ടിയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കുമെന്ന് സൂചനയുണ്ട്.
അതിനിടെ, ഷെറിെൻറ മൃതദേഹം വിട്ടു നൽകണമെന്നും വിശ്വാസത്തിനതീതമായി സംസ്കാരം നടത്താൻ അനുവാദം നൽകണമെന്നും ആവശ്യപ്പെട്ട് റിച്ചാർഡ്സണിലെ താമസക്കാരനായ 23കാരൻ ഉമൈർ സിദ്ദിഖി ഒാൺലൈൻ പരാതി നൽകി. 5000ലധികം പേർ പരാതിയിൽ ഒപ്പുവെച്ചിട്ടുണ്ട്. ചിലർ കുട്ടിയുെട മൃതദേഹം യു.എസിൽ തന്നെ സംസ്കരിക്കണമെന്നും ഇന്ത്യയിലേക്ക് അയക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാൽ ഇന്ത്യൻ കോൺസുലേറ്റ് അത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. നിയമപരമായി കുട്ടിയുെട മാതാപിതാക്കൾക്ക് മാത്രമേ മൃതദേഹം വിട്ടു നൽകാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
ഒക്ടോബര്‍ 7നാണ് കുട്ടിയെ ഡാലസിലെ മലയാളി ദന്പതികളുടെ വീട്ടിൽ നിന്ന് കാണാതാവുന്നത്. പിന്നീട് ഒക്ടോബർ 22നാണ് വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽ നിന്ന് ഷെറിന്റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. സംഭവത്തിൽ വളർത്തച്ഛനായ വെസ്‌ലി മാത്യൂസിനെ(37) ടെക്‌സസ് പോലീസ് അറസ്റ്റുചെയ്തിരുന്നു.
പുലർച്ചെ മൂന്നുമണിക്ക് ഉറക്കത്തിൽ നിന്ന് വിളിച്ച് പാൽ കുടിക്കാൻ നൽകിയപ്പോൾ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തുനിർത്തിയെന്നും പതിനഞ്ചു മിനിറ്റിനുശേഷം തിരികെയെത്തി നോക്കുന്പോൾ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്്ലി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാൽ ബലം പ്രയോഗിച്ച് പാലുകുടിപ്പിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്നുകരുതി മൃതദേഹം കലുങ്കിൽ ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്്ലി മാത്യൂസ് പോലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതതാണ് സംഭവം കൊലപാതകമാണെന്ന സംശയം പോലീസിന് ബലപ്പെടാൻ കാരണം.
അതിഗുരുതര വിഭാഗത്തിൽപ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചുമുതൽ 99 വർഷംവരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. കുഞ്ഞിന് വളർച്ചക്കുറവും സംസാരവൈകല്യവുമുള്ളതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.