കറൻസിരഹിത ഇന്ത്യ : എ.ടി.എമ്മുകളുടെ എണ്ണം കുറയ്ക്കുന്നു

ന്യൂഡൽഹി : എ.ടി.എമ്മുകളുടെ പ്രവർത്തനച്ചെലവ് വർദ്ധിക്കുകയും ഇടപാടുകാർ കുറയുന്ന സാഹചര്യത്തിലും ബാങ്കുകൾ എ.ടി.എം സംഖ്യ കുറയ്ക്കുന്നു. ഈ വർഷം ജൂൺ -ആഗസ്റ്റ് കാലയളവിൽ രാജ്യത്തെ എ.ടി.എമ്മുകളുടെ എണ്ണത്തിൽ വന്ന കുറവ് 358 ആണ്. കഴിഞ്ഞ നാല് വർഷം ശരാശരി 16.4 ശതമാനം വളർച്ചയുണ്ടായ സ്ഥാനത്താണിത്. അതേസമയം, പുതുതായി തുടങ്ങുന്നവ 3.6 ശതമാനമായി കുറഞ്ഞു.
നോട്ട് നിരോധനത്തെ തുടർന്നാണ് നഗരങ്ങളിൽ എ.ടി.എമ്മുകൾ അടച്ചുപൂട്ടാൻ തുടങ്ങിയത്. പ്രധാന നഗരങ്ങളിലും വിമാനത്താവളങ്ങളിലും എ.ടി.എം കൗണ്ടറുകൾ ആരംഭിക്കാനുള്ള ഭാരിച്ച ചെലവും ഇവ നിർത്തലാക്കാൻ കാരണമാകുന്നു. പൊതുമേഖലാ ബാങ്കുകൾ ലയനനീക്കവും നഷ്ടവും കാരണം ഇത്തരം കാര്യങ്ങൾ നീട്ടിവെച്ചു.
കറൻസി റദ്ദാക്കലിന് ശേഷം ഡിജിറ്റൽ ഇടപാടുകൾക്ക് ലഭിച്ച പ്രചാരം കൂടുതൽ പേരെ ഡിജിറ്റലാക്കി. എ.ടി.എമ്മുകളിൽ നിന്ന് പണമെടുത്തു കൊടുക്കുന്നതിനു പകരം ഡെബിറ്റ് കാർഡുകൾ സ്വൈപ് ചെയ്യുന്ന രീതി വന്നു. എ.ടി.എം മുറിക്ക് വാടക കൂടി. മുംബൈയിൽ 40,000 രൂപ വരെയായി വാടക. മറ്റു മെട്രോകളിൽ 8,000 മുതൽ 15,000 രൂപ വരെ നൽകിയാലേ മുറി കിട്ടൂ.
സെക്യൂരിറ്റി, വൈദ്യുതി ചെലവുകളും കൂടി. ശരാശരി എ.ടി.എം പാലന ചെലവ് മാസം 30,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയായി.
എ.സ്.ബി.ഐയും അസോസ്യേറ്റ് ബാങ്കുകളും ഒന്നിച്ചതിനെത്തുടർന്ന് ഒരേ സ്ഥലത്തുള്ള എ.ടി.എമ്മുകൾ മാറ്റി. എസ്.ബി.ഐ എ.ടി.എമ്മുകളുടെ എണ്ണം മൂന്ന് മാസംകൊണ്ട് 91 എണ്ണം കുറഞ്ഞ് 59,200 ആയി. പഞ്ചാബ് നാഷണൽ ബാങ്ക് ചെലവ് ചുരുക്കലിന്‍റെ ഭാഗമായി 419 എണ്ണം പൂട്ടി. 10,502ൽ നിന്ന് 10,083ലേക്ക്.