യു.എന്നിൽ പാകിസ്ഥാന് രൂക്ഷ വിമർശനവുമായി ഇന്ത്യ


യു.എൻ : യു.എൻ ജനറൽ‍ അസംബ്ലിയിൽ‍ പാകിസ്ഥാനെ ടെററിസ്ഥാനെന്ന് വിശേഷിപ്പിച്ച് ഇന്ത്യ. പാകിസ്ഥാനിലെ ഭീകരതയ്ക്ക് സഹായം നൽ‍കുന്നത് ഇന്ത്യയാണെന്ന പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് കഖാൻ അബ്ബാസിയുടെ ആരോപണത്തിന് ശക്തമായ മറുപടി നൽ‍കുകയായിരുന്നു ഇന്ത്യ. ചരിത്രപരമായി നോക്കിയാൽ ഭീകരവാദത്തിന്‍റെ ഭൂമിശാസ്ത്രപരമായ പര്യായമായി പാകിസ്ഥാൻ മാറി. ശുദ്ധമായ ഭീകരതയാണ് അവർ ഉൽപ്പാദിക്കുന്നത്. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയുമാണ് പാകിസ്ഥാനെന്നും യു.എന്നിൽ സംസാരിച്ച ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീർ വിമർശിച്ചു.

മുല്ല ഒമറിനും ഒസാമ ബില്ലാദനും ഹാഫിസ് സെയ്ദിനും സുരക്ഷിത താവളങ്ങൾ‍ നൽ‍കിയ പാകിസ്ഥാൻ ഭീകരവാദത്തിന് എതിരെ സംസാരിക്കുന്നത് അതിശയകരമാണെന്ന് പറഞ്ഞ ഈനം ഗംഭീർ‍ ഇന്ത്യയിൽ‍ പാകിസ്ഥാൻ നടത്തുന്ന ഭീകരവാദത്തിന്‍റെ തെളിവുകളും നിരത്തി. തുടർ‍ന്ന് ഷാഹിദ് കഖാൻ അബ്ബാസിയുടെ അവകാശവാദങ്ങൾ‍ തള്ളിക്കളയണമെന്ന് ഈനം ഗംഭീർ‍ ആവശ്യപ്പെട്ടു. ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാണ്. അങ്ങനെ ആയിരിക്കുകയും ചെയ്യും. ഇക്കാര്യം പാകിസ്ഥാൻ മനസ്സിലാക്കണം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചാലും ഇന്ത്യയുടെ അഖണ്ധതയെ തകർക്കാൻ പാകിസ്ഥാന് സാധിക്കില്ലെന്നും ഈനം കൂട്ടിച്ചേർത്തു.

കശ്മീരിൽ ഐക്യരാഷ്ട്ര സംഘടന പ്രത്യേക സംഘത്തെ നിയമിക്കണമെന്നും കശ്മീരിലെ ജനങ്ങളുടെ സമരത്തെ ഇന്ത്യ അടിച്ചമർത്തുകയാണെന്നും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷാഹിദ് കഖാൻ അബ്ബാസി ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed