ബെംഗളുരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ട നിലയിൽ

ബെംഗളൂരു : മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവിൽ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാർത്ഥിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥൻ നിരഞ്ജൻ കുമാറിന്റെ മകൻ ശരത്തിന്റെ (19) മൃതദേഹമാണ് കണ്ടെത്തിയത്. അഞ്ജനഹള്ളി തടാകത്തിൽ നിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. 50 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബന്ധുക്കൾക്ക് വാട്ട്‌സ്ആപ്പ് വിഡിയോ സന്ദേശം ലഭിച്ചിരുന്നു. കഴിഞ്ഞ ഈ മാസം 12ന് വൈകുന്നേരമാണ് ശരത്തിനെ കാണാതായത്. രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.
ഇതിനിടെ, സംഭവത്തിൽ ആറ് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇതിൽ കൊല്ലപ്പെട്ട ശരത്തിന്റെ കുടുംബവുമായി ബന്ധുമുള്ള ഒരാളും ഉൾപ്പെട്ടിട്ടുള്ളതായാണ് വിവരം. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും കണ്ടെടുത്തിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ബെംഗളൂരുവിനടുത്ത് കെങ്ങേരി ഉള്ളാല എന്ന സ്ഥലത്താണ് ശരത്തും കുടുംബവും താമസിക്കുന്നത്. ഹെസാർഘട്ട റോഡിൽ ആചാര്യ കോളജിലെ രണ്ടാം വർഷ ഓട്ടമൊബൈൽ എഞ്ചിനീയറിൽ ഡിപ്ലോമ വിദ്യാർത്ഥിയാണ് ശരത്ത്.