ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ പലസ്തീനോട് ഈജിപ്ത്

ന്യൂയോർക്ക് : പലസ്തീൻ ജനതയോട് ഇസ്രയേലുമായി സമാധാനപരമായ സഹവർത്തിത്വത്തിന് ഒരുങ്ങാൻ ഈജിപ്ത് പ്രസിഡണ്ട് അബ്ദൽ ഫത്താ അൽ സിസി ആഹ്വാനം ചെയ്തു. മേഖലയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഇസ്രയേൽ–പലസ്തീൻ സമാധാന ഉടന്പടി അനിവാര്യമാണെന്നും യു.എൻ പൊതുസഭയിൽ ഈജിപ്ത് പ്രസിഡണ്ട് പറഞ്ഞു. നേരത്തേ തയാറാക്കിയ പ്രസംഗത്തിൽ നിന്നു വ്യതിചലിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ പിറ്റേന്നാണു പലസ്തീൻ പ്രശ്നം അൽ സിസി പരാമർശിച്ചത്.
‘പലസ്തീൻ ജനതയുടെ ഐക്യം പ്രധാനമാണ്. ഭിന്നതകൾ മറികടന്ന് ഇസ്രയേലുമായുള്ള സഹവർത്തിത്വം അംഗീകരിക്കാൻ ഒരുങ്ങേണ്ടതും പ്രധാനമാണ്.’ 1979 ലെ ഇസ്രയേൽ–ഈജിപ്ത് സമാധാനക്കരാർ പലസ്തീനിലേക്കും വ്യാപിപ്പിക്കാനും അദ്ദേഹം ഇസ്രയേലിനോട് അഭ്യർത്ഥിച്ചു. വെസ്റ്റ് ബാങ്ക് ആസ്ഥാനമായ മഹ്മൂദ് അബ്ബാസിന്റെ പലസ്തീൻ അതോറിറ്റിയും 2007 മുതൽ ഗാസാ മുനന്പിലെ ഭരണം നിയന്ത്രിക്കുന്ന ഹമാസും തമ്മിലുള്ള വൈരം തീർക്കാൻ ഈജിപ്ത് മധ്യസ്ഥ ചർച്ചകൾ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം പലസ്തീൻ ഫത്താ നേതാവ് മഹ്മൂദ് അബ്ബാസും ഹമാസ് മേധാവി ഇസ്മായിൽ ഹാനിയയും തമ്മിൽ ഫോൺ സംഭാഷണം നടത്തിയിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിനു നേതാക്കൾ കഴിഞ്ഞ വർഷം ഇസ്രയേൽ സന്ദർശിച്ചെങ്കിലും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെയും സന്ദർശനം ചരിത്രപരമാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. ഇസ്രയേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണു മോഡി. മോഡിക്കൊപ്പം കടൽത്തീരത്തു നടന്നതും ജീപ്പിൽ സഞ്ചരിച്ചതും നെതന്യാഹു അനുസ്മരിച്ചു. ഇന്ത്യയുമായുള്ള ഇസ്രയേൽ പങ്കാളിത്തത്തിന് അനന്ത സാധ്യതകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇറാനെതിരെ രൂക്ഷവിമർശനമാണു നെതന്യാഹു നടത്തിയത്. സിറിയയിൽ സ്ഥിര സൈനികത്താവളങ്ങൾ സ്ഥാപിക്കാനുള്ള ഇറാന്റെ നീക്കം അനുവദിക്കില്ല. മധ്യപൂർവദേശത്തെ ഗ്രസിക്കുന്ന ‘ഇറാനിയൻ മറ’യ്ക്കെതിരെ പോരാടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മേഖലാ സഹകരണവും സുരക്ഷയും സമാധാനവും സംബന്ധിച്ച സമഗ്രചർച്ചകൾക്കു പാകിസ്ഥാൻ തയാറാകണമെന്ന് അഫ്‌ഗാനിസ്ഥാൻ പ്രസിഡണ്ട് അഷ്റഫ് ഗാനി ആവശ്യപ്പെട്ടു.