ആണവ നിർവ്യാപന കരാറുമായി യു.എൻ : പന്ത്രണ്ട് രാജ്യങ്ങൾ ഒപ്പുവെച്ചു

ന്യൂയോർക്ക് : കൊറിയൻ തീരത്ത് ഉത്തരകൊറിയ പ്രകോപനം തുടരുന്ന സാഹചര്യത്തിൽ ആണവ നിർവ്യാപന കരാറുമായി ഐക്യരാഷ്ട്രസഭ. കരാറിൽ പന്ത്രണ്ട് രാജ്യങ്ങൾ ഒപ്പുവെച്ചു.
അന്‍പത് രാജ്യങ്ങൾ അംഗീകരിക്കുന്ന ആണവായുധ നിരോധന കരാർ 90 ദിവസത്തിന് ശേഷം പ്രാബല്യത്തിൽ വരും. അമേരിക്ക കരാറിനെ ബഹിഷ്കരിച്ചു. കൊറിയൻ തീരത്ത് ഉത്തര കൊറിയൻ പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഐക്യരാഷ്ട്രസഭ ആണവ നിർവ്യാപന കരാറുമായി മുന്നോട്ട് പോകുന്നത്. ബുധനാഴ്ച അവതരിപ്പിച്ച ആണവ നിർവ്യാപന കരാറിൽ പന്ത്രണ്ട് രാജ്യങ്ങൾ ഒപ്പുവെച്ചു.
എന്നാൽ അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ കരാറിനെ ബഹിഷ്കരിച്ചു. ലോകത്ത് നിലവിൽ 15000 ന്യൂക്ലിയർ ആയുധങ്ങൾ ഉണ്ടെന്നും ഇത് നിലനിൽക്കുന്നത് ലോകത്തിനും കുഞ്ഞുങ്ങൾക്കും തന്നെ ഭീഷണിയാണെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. 193 അംഗ യു.എൻ പൊതുസഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ജൂലൈയിൽ തന്നെ ഈ ആണവ നിരോധന കരാറിന് അംഗീകാരം നൽകിയിരുന്നു. അന്നും അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് തുടങ്ങി ഒന്പത് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ആണവായുധങ്ങൾ പൂർണമായും അടിയറ വെക്കുന്നതിന് പകരം അവയുടെ ഉപയോഗം കുറച്ചാൽ മതിയെന്നാണ് ഈ രാജ്യങ്ങൾ അഭിപ്രായപ്പെടുന്നത്.