മൊസൂള്‍ ഇറാഖി സൈന്യം അധീനതയിലാക്കി : ഐഎസ് അംഗങ്ങൾ പലരും ജീവന്‍ രക്ഷിച്ചത് ടൈഗ്രിസ് നദിയില്‍ ചാടി

മൊസൂള്‍ : മൊസൂളില്‍ നിന്ന് തുരത്തപ്പെട്ട ഐഎസ് സംഘത്തിലെ പലരും ജീവന്‍ രക്ഷിച്ചത് ടൈഗ്രിസ് നദിയില്‍ ചാടിയാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ഇറാഖി സൈന്യം മൊസൂള്‍ പൂര്‍ണമായി അധീനതയിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് അവശേഷിച്ച ഭീകരര്‍ ടൈഗ്രിസ് നദിയിലേക്ക് രക്ഷപെടാന്‍ ശ്രമിച്ചത്. നദിയില്‍ ചാടിയ 30 ലധികം ഭീകരരെ സൈന്യം വധിച്ചതായി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ യഹ്യ റസൂല്‍ അറിയിച്ചു. കൂടാതെ നദിയില്‍ ചാടിയ പലരും മുങ്ങിമരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ചായിരുന്നു ഐഎസിന്റെ ചെറുത്തുനില്‍പ്പ്. എട്ടുമാസം നീണ്ട പോരാട്ടത്തില്‍ ആയിരക്കണക്കിന് സാധാരണക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്. പത്തുലക്ഷത്തിലധികം പേര്‍ക്കാണ് പലായനം ചെയ്യേണ്ടിവന്നത്. മൊസൂളില്‍ നിന്ന് തുരത്തപ്പെട്ടെങ്കിലും ഇവിടെ നിന്ന് രക്ഷപെട്ട ഐഎസ് സംഘാംഗങ്ങള്‍ മൊസൂള്‍ നഗരത്തിന്റെ അതിര്‍ത്തിപ്രദേശത്തേക്ക് മാറിയതായാണ് റിപ്പോര്‍ട്ടുകള്‍. ടൈഗ്രീസ് നദിയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് ഇവര്‍ തമ്പടിച്ചിട്ടുണ്ടെന്നും ഇവിടെ നിന്ന് അവസാന പോരാട്ടത്തിനായി തയാറെടുപ്പുകള്‍ നടത്തുകയാണെന്നുമാണ് വിവരം.
ഇന്നലെ തങ്ങളുടെ പതനം ആസന്നമായെന്ന് മനസിലായ ഐഎസ് സംഘം നരിവധി വനിതാ ചേവേറുകളെ യുദ്ധഭൂമിയില്‍ കുടുങ്ങിപ്പോയ സാധാരണക്കാര്‍ക്കിടയിലേക്ക് അയച്ചതായും ഈ ചാവേറുകള്‍ പലയിടത്തും സ്‌ഫോടനങ്ങള്‍ നടത്തിയതായും ഇറാഖി സൈന്യം അറിയിച്ചു. മൊസൂള്‍ പിടിക്കാനുള്ള നടപടിക്കിടെ നിരവധി സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു. മരണസംഖ്യയെയും നാശനഷ്ടത്തെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് 400 കിലോമീറ്റര്‍ ദുരെ സ്ഥിതി ചെയ്യുന്ന പുരാതന നഗരമാണ് മൊസൂള്‍. 2014ലാണ് ഐഎസ് ഭീകരര്‍ മൊസൂളിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഇറാഖിലെ വിവിധ ഉള്‍പ്രദേശങ്ങളില്‍ ഐഎസ് സന്നിദ്ധ്യം തുടരുന്നുണ്ടെങ്കിലും പ്രധാനനഗരങ്ങളില്‍ മൊസൂളില്‍ മാത്രമായിരുന്നു ഐഎസ് ശക്തമായി പിടിച്ചുനിന്നിരുന്നത്. ഐഎസ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി സ്വയം ഖലിഫയായി പ്രഖ്യാപിച്ച് ഭരണം ആരംഭിച്ച ഗ്രാന്‍ഡ് അല്‍ നൂറി മസ്ജിദ് കഴിഞ്ഞ മാസം 22 ന് തകര്‍ക്കപ്പെട്ടിരുന്നു.
ഇതിനിടെ ബാഗ്ദാദി സിറിയയില്‍ റഷ്യയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടകാര്യം ഏതാണ്ട് ഉറപ്പായതിന് പിന്നാലെയാണ് മൊസൂളില്‍ ഇറാഖി സൈന്യത്തിന്റെ ശക്തമായ ആക്രമണത്തില്‍ ഐഎസ് സംഘത്തിന് അടിതെറ്റിയത്.