പച്ചക്കറി വില കുതിച്ചുയരുന്നു

പാലക്കാട് : കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു. ചരക്കുസേവന നികുതിയുമായി ബന്ധമൊന്നുമില്ലെങ്കിലും പച്ചക്കറിവില കഴിഞ്ഞ മാസത്തേക്കാൾ ഇരട്ടിയിലധികമായി. ഓണംവരെ സമാനസ്ഥിതി തുടരുമെന്നാണ് കച്ചവടക്കാർ പറയുന്നത്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും പ്രധാന പച്ചക്കറി ഉൽപ്പാദക പ്രദേശങ്ങളിലെ മഴക്കുറവും വരൾച്ചയുമാണ് വില ഉയരാൻ പ്രധാനകാരണം. ഒരുമാസം മുന്‍പ് 30ൽ താഴെയായിരുന്ന ഒന്നാംതരം തക്കാളിക്കിപ്പോൾ 80 രൂപയാണ്. ഗുണനിലവാരം കുറഞ്ഞതിന് 60 രൂപവരെയാണ്. ഇതിനുമുന്‍പ് 20 രൂപയായിരുന്നു. തമിഴ്‌നാട്ടിൽ തക്കാളി ഉൽപ്പാദനം മൂന്നിലൊന്നിലും താഴെയായി.
പാലക്കാടിന്റെ കിഴക്കൻ േഖലയിൽ 250 ഹെക്ടറിലധികം പ്രദേശത്ത് തക്കാളി കൃഷിചെയ്തിരുന്നു. ഇത്തവണ അത് 30 ഹെക്ടറിൽ താഴെയാണ്. കഴിഞ്ഞവർഷം തക്കാളിവില കിലോഗ്രാമിന് രണ്ടുരൂപവരെയെത്തിയിരുന്നു. വിളവെടുക്കാനുള്ള കൂലിപോലും കിട്ടാത്തതിനാൽ പശുക്കളെ മേയ്ച്ചും പാടം ഉഴുതിട്ടും കൃഷി ഒഴിവാക്കുകയായിരുന്നു. ഒരുമാസം മുന്‍പ് 25 രൂപയുണ്ടായിരുന്ന വെണ്ടയ്ക്കയ്ക്ക് ഇപ്പോൾ 45 രൂപമുതൽ 65 രൂപവരെയെത്തി. 25 രൂപയുണ്ടായിരുന്ന പയറിന് 50 മുതൽ 70 രൂപ വരെയാണ്. 40 മുതൽ 50 രൂപയുണ്ടായിരുന്ന ക്യാരറ്റിന്റെ വില 100 രൂപ കടന്നു. 30 മുതൽ 40 രൂപവരെയുണ്ടായിരുന്ന ബീൻസിനും 100 മുതൽ 105 രൂപവരെയാണ്. 20 രൂപയുണ്ടായിരുന്ന വഴുതിനയ്ക്ക് 60 രൂപയാണ്. 30 രൂപയായിരുന്ന പച്ചമുളകിന് 60 മുതൽ 76 രൂപവരെയായി.
ഒരാഴ്ചയ്ക്കുള്ളിലാണ് വില ഇത്രയും കുതിച്ചുയർന്നത്. കഴിഞ്ഞദിവസം വരെ എട്ട്രൂപയായിരുന്ന സവാളയ്ക്ക് 18 രൂപയാണ്. ചെറിയ ഉള്ളിക്ക് 120 രൂപയും. തമിഴ്‌നാട്ടിലെ മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും പച്ചക്കറി എത്തിയിരുന്നതെങ്കിലും ഇപ്പോൾ മൈസൂരുവിൽ നിന്നും ആന്ധ്രയിൽനിന്നുമൊക്കെയാണ് ചന്തകളിൽ പച്ചക്കറിയെത്തുന്നത്.