നിങ്ങളുടേത് സ്മാര്‍ട്ട് ടെലിവിഷന്‍ ആണോ…സൂക്ഷിച്ചോളൂ

വാഷിങ്ടണ്‍: നിങ്ങളുടേത് സ്മാര്‍ട്ട് ടെലിവിഷന്‍ ആണോ…സൂക്ഷിച്ചോളൂ. നിങ്ങള്‍ സി.ഐ.എ.യുടെ ഹാക്കിങ്ങിനിരയാവാം. ഇലക്ട്രോണിക്‌സ് ഉപകരങ്ങള്‍ വഴിയും യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയായ ഹാക്കിങ് നടത്തുന്നതായ രഹസ്യരേഖകള്‍ വിക്കിലീക്‌സ് പുറത്തു വിട്ടിരിക്കുന്നു. ചൊവ്വാഴ്ച പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സി.ഐ.എയുടെ 9000 രേഖകളാണ് വിക്കിലീക്‌സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന പ്രോഗ്രാമുകള്‍ ഉപയോഗിച്ച് ആപ്പിള്‍ ഐ ഫോണ്‍, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം, മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സാംസങ് സ്മാര്‍ട് ടെലിവിഷന്‍ എന്നിവയില്‍ നിന്നാണ് സി.ഐ.എ വിവരങ്ങള്‍ ചോര്‍ത്തുന്നത്. ഇതിന് പുറമെ പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്വകാര്യ സംഭാഷണങ്ങളും ഇവര്‍ ചോര്‍ത്തുന്നുണ്ട്.
വിവരങ്ങള്‍ ചോര്‍ത്തുന്ന സാങ്കേതിക വിദ്യയുടെ നിയന്ത്രണം സി.ഐ.എയില്‍ നിന്ന് നഷ്ടമായതാണ് രേഖകള്‍ പുറത്താവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഈ സാങ്കേതിക വിദ്യ ഹാക്കര്‍മാരുടെ കൈകളിലെത്തുകയാണെങ്കില്‍ ലോകമെങ്ങുമുള്ള രഹസ്യ വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്‍ത്താന്‍ കഴിയുമെന്നും പറയപ്പെടുന്നു.
മുന്‍ യു.എസ് രഹസ്യാന്വേഷണ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഹാക്കര്‍മാരിലൊരാളാണ് രഹസ്യ രേഖകള്‍ തങ്ങള്‍ക്ക് കൈമാറിയതെന്ന് വീക്കിലീക്‌സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
അതേസമയം ഇക്കാര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ സി.ഐ.എ വക്താവ് ജോനാഥന്‍ ലിയു വിസമ്മതിച്ചു. രഹസ്യ രേഖകളുടെ ഉള്ളടക്കത്തെ കുറിച്ചോ അതിന്റെ ആധികാരികതയെ കുറിച്ചോ ഒന്നും പ്രതികരിക്കുന്നില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
2010ല്‍ യു.എസ് സൈനിക വിഭാഗവുമായി ബന്ധപ്പെട്ട രണ്ടര ലക്ഷത്തിലധികം രഹസ്യ രേഖകള്‍ വീക്കിലിക്‌സ് പുറത്ത് വിട്ടിരുന്നു.