'നുവൈദറാത്തിൽ മാസത്തിൽ പകുതിയും കടകൾ അടഞ്ഞു തന്നെ': കാരണം

മനാമ : കരീമി റൗണ്ട് എബൗട്ടിന് സമീപപ്രദേശമായ നുവൈദറാത്ത് അവന്യുവിൽ പ്രക്ഷോഭകാരികളുടെയും ചില സാമൂഹ്യ വിരുദ്ധരുടെയും പ്രവർത്തനങ്ങൾ മൂലം മാസത്തിൽ പകുതി ദിവസവും കടകൾ അടുഞ്ഞു കിടക്കുന്നുവെന്ന് ഇവിടുത്തെ വ്യാപാരികൾ പറയുന്നു. അത് കൊണ്ട്തന്നെ വിപണിയിൽ കടുത്ത മാന്ദ്യം അനുഭവപ്പെടുന്നതായും വ്യാപാരം തകർച്ചയിലേയ്ക്ക് നീങ്ങുന്നതായും ഇവർ പറയുന്നു. പ്രക്ഷോഭകാരികളുമായി ബന്ധപ്പെട്ട ഏത് പ്രശ്നമുണ്ടെങ്കിലും ഈ പ്രദേശത്തെ കടകൾ അടപ്പിക്കാനുള്ള നീക്കമാണ് ആദ്യം നടക്കുന്നത്. കഴിഞ്ഞ ആറ് മാസക്കാലമായി ഇവിടുത്തെ അവസ്ഥ ഇത് തന്നെയാണ്.
ഈ ഭാഗത്തേയ്ക്ക് വരുന്ന റോഡുകളിൽ പലപ്പോഴും ഇരുന്പു കന്പികളും കൂർത്ത അഗ്രങ്ങളുള്ള വസ്തുക്കൾ റോഡിൽ സ്ഥാപിക്കുകയും അതുവഴി വാഹനങ്ങളുടെ ടയറുകൾ പഞ്ചറാവുകയും ചെയ്യുന്നു. അതോടെ വാഹനത്തിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണം നന്നേ കുറഞ്ഞിരിക്കുകയാണ്. കോൾഡ് സ്റ്റോറുകൾ, ടൈലറിംഗ് ഷോപ്പുകൾ, ലോൺഡ്രി, സാൻഡ് വിച് കടകൾ, ലഘു ഭക്ഷണ ശാലകൾ, വർക്ക് ഷോപ്പുകൾ, റിപ്പയറിംഗ് കടകൾ തുടങ്ങി പ്രദേശത്തെ ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് മാത്രം നടത്തിവരുന്ന നൂറോളം സ്ഥാപനങ്ങൾ ഈ ഏരിയയിൽ പ്രവർത്തിക്കുന്നുണ്ട്. കോൾഡ് സ്റ്റോറുകളിൽ മിക്കവയും മലയാളികൾ അടക്കമുള്ളവരുടേതാണ്. നടന്നുവരുന്നവരുടെ കാലിൽ കന്പി, ആണികൾ കുപ്പിച്ചില്ലുകൾ എന്നിവ തറഞ്ഞ് കയറുകയും പരിക്കേൽക്കുകയും ചെയ്യുന്നതാണ് ഈ ഭാഗത്തേയ്ക്ക് ആളുകൾ വരാതിരിക്കുന്നതിനുള്ള മറ്റൊരു കാരണം.
പ്രക്ഷോഭകാരികളിൽ ഒരു യുവാവ് കൊല്ലപ്പെട്ടതോടെ എല്ലാ ദിവസവും ഇവിടെ കടകളെല്ലാം അടഞ്ഞു തന്നെയാണെന്ന് ഇവിടുത്തെ വ്യാപാരികൾ പറഞ്ഞു. കോൾഡ് സ്റ്റോറുകളിൽ പാൽ, ബ്രഡ് തുടങ്ങിയ രണ്ടോ മൂന്നോ ദിവസം മാത്രം സൂക്ഷിക്കാൻ കഴിയുന്ന പല ഉൽപ്പന്നങ്ങളും വിതരണം ചെയുന്ന കന്പനികൾ ഈ ഭാഗത്ത് വിതരണം ചെയ്യാൻ വരുന്നതും നാമമാത്രമായ ദിവസങ്ങളിലായി. അതോടെ അത്യാവശ്യം എത്തുന്ന ഉപഭോക്താക്കൾക്ക് സാധനകൾ നൽകാനും കഴിയുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. കോൾഡ് സ്റ്റോറുകളിൽ മാത്രമല്ല ഇവിടത്തെ ചെറുകിട കച്ചവട സ്ഥാപനങ്ങളിലെല്ലാം ഇത് തന്നെയാണ് സ്ഥിതി. ഈ ഭാഗത്തു താമസിക്കുന്ന പല കുടുംബങ്ങളും മറ്റ് പ്രദേശങ്ങളിലേയ്ക്ക് താമസം മാറുകയാണ്. ഇതും വിപണിയെ സാരമായി ബാധിക്കുന്നു.
ലോൺ എടുത്തും മറ്റുള്ളവരിൽ നിന്നും കടം വാങ്ങിയും ആരംഭിച്ച കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ ഇപ്പോൾ തിരിച്ചടവ് നടത്താൻ പോലും കഴിയാത്ത അവസ്ഥയിലാണ്. ഈ ഒരു സാഹചര്യത്തിൽ നാട്ടിലേയ്ക്ക് പോകുവാനും കഴിയില്ല. സ്ഥാപനം വിൽക്കാമെന്ന് കരുതിയാൽ ആരും വാങ്ങാനും തയ്യാറാകില്ല. കഴിഞ്ഞ ദിവസവും പ്രക്ഷോഭകാരികളായ യുവാക്കൾ എത്തി കട തുറക്കരുതെന്ന് ആവശ്യപ്പെട്ടതായി ഈ ഭാഗത്തുള്ള വ്യാപാരികൾ പറഞ്ഞു.