ഫാ.ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ പിടിയിൽ

ഏഡൻ: മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ മൂന്നു ഭീകരർ പിടിയിൽ. പിടിയിലായവർ അൽഖായിദ പ്രവർത്തകരാണ്. എന്നാൽ, ഫാ. ടോമിനെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏഡനിലെ ഷേഖ് ഒത്‌മാനിലെ മുസ്‌ലിം പള്ളി കേന്ദ്രീകരിച്ചായിരുന്നു പിടിയിലായവരുടെ പ്രവർത്തനം. സൈല എന്ന സ്ഥലത്തുനിന്നാണ് ഇവരെ പിടികൂടിയത്. ഭീകരർ പിടിയിലായ കാര്യം വിദേശകാര്യമന്ത്രാലയവും സ്ഥിരീകരിച്ചു. വൃദ്ധസദനം ആക്രമിച്ച് 16 പേരെ കൊലപ്പെടുത്തിയതു തങ്ങളാണെന്നു പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്.
ഫാ. ടോമിന്റെ നേതൃത്വത്തിൽ വൃദ്ധസദനം കേന്ദ്രീകരിച്ചു മതപരിവർത്തനം നടന്നിരുന്നുവെന്നും അതിനാലാണു തെക്കൻ യെമനിലെ വൃദ്ധസദനം ആക്രമിച്ചതെന്നും പിടിയിലായവർ പറഞ്ഞു. ആക്രമണത്തിനു മുൻപ് മുവ്താ ബിൻ ഗബാലിലെ മുസ്‌ലിം പള്ളിയിലെ ഇമാം മുഹമ്മദ് അദ്ദോ സാലത്തിന്റെ അനുമതി തേടിയിരുന്നു. വൃദ്ധസദനത്തിൽ മതംമാറ്റം നടന്നിരുന്നു എന്നതിനാലാണ് ആക്രമണത്തിന് അനുമതി നൽകിയതെന്നാണ് ഇമാമിന്റെ മൊഴി.
വൃദ്ധസദനത്തില്‍ ജോലി ചെയ്യുന്ന ക്രിസ്ത്യാനികളെ കൊല്ലാന്‍ അനുമതി തേടി അക്രമികള്‍ തന്നെ സമീപിച്ചു. അക്രമത്തിനുശേഷം അവര്‍ വീണ്ടും തന്റെ അടുത്തുവുന്നു. പ്രായമായവരെയും സുരക്ഷാഉദ്യോഗസ്ഥരെയും കൊന്നത് എന്തിനാണെന്ന് ചോദിച്ചപ്പോള്‍ സ്ഥിതിഗതി നിയന്ത്രിക്കാനായില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും ഇമാം മൊഴി നല്‍കി. പിടിയിലായ ഭീകരൻ ഷുക്രി അഹമദ് ഹുസൈന്‍ അല്‍ സകഫിന്റെയും ഇമാമിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. ഇമാം മൊഹമ്മദ് അബ്ദോ ആണ് കൊലയ്ക്ക് മതപരമായ അനുമതി നല്‍കുന്നതെന്നും അല്‍ സകഫ് പറയുന്നു.
സലേഷ്യൻ ഡോൺ ബോസ്കോ വൈദികനായ ടോമിനെ മാർച്ച് നാലിനാണ് ഏഡനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ വൃദ്ധസദനത്തിൽനിന്നു തട്ടിക്കൊണ്ടുപോയത്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകളും 12 അന്തേവാസികളുമടക്കം 16 പേർ കൊല്ലപ്പെട്ടിരുന്നു. കന്യാസ്ത്രീകളിലൊരാൾ ഇന്ത്യക്കാരിയായിരുന്നു.
യെമനിൽ ആഭ്യന്തരയുദ്ധം നടക്കുകയാണ്. വടക്കൻ യെമൻ ഷിയാ വിമതരുടെയും തെക്കൻ യെമൻ െഎഎസ്, അൽ ഖായിദ ഭീകരരുടെയും പിടിയിലാണ്. തെക്കൻ യെമനിൽ സൗദി അനുകൂല ഭരണകൂടമാണ് അധികാരത്തിൽ. ഇന്ത്യയ്ക്ക് യെമനിൽ എംബസിയില്ല. ജിബൂത്തി എംബസിയാണു സമീപത്തുള്ളത്.