ഒബാമയുടെ പോക്കറ്റിൽ ഒളിച്ചിരിക്കുന്ന വിശ്വാസങ്ങൾ

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ പോക്കറ്റില്‍ ഒളിച്ചിരിക്കുന്നത് എന്തൊക്കെയാണെന്ന് അറിയാമോ? യുട്യൂബ് അഭിമുഖത്തില്‍ ഒബാമ തന്നെയാണ് അത് പുറത്ത് കാണിച്ചത്.
ഭാഗ്യ മുദ്രകളായി കരുതുന്ന ഹനുമാന്‍ വിഗ്രഹം, ഫ്രാന്‍സിസ് മാര്‍പ്പാപ്പ നല്‍കിയ ജപമാല, ഒരു ബുദ്ധ പ്രതിമ, അയോവ സന്ദര്‍ശിച്ചപ്പോള്‍ ഒരു ബൈക്കര്‍ സമ്മാനിച്ച മെഡല്‍, എത്യോപ്യയില്‍നിന്ന് ലഭിച്ച കുരിശു രൂപം എന്നിവയാണ് ഒബാമ പോക്കറ്റില്‍ കരുതുന്നത്. വൃക്തിപരമായി പ്രാധാന്യമുള്ള എന്തെങ്കിലും ഉണ്ടോയെന്ന ചോദ്യത്തിലായിരുന്നു പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഭാഗ്യ മുദ്രകളെ ഒബാമ പരിചയപ്പെടുത്തിയത്. ഹനുമാന്‍ വിഗ്രഹം ഒബാമയ്ക്ക് ഒരു സ്ത്രീ സമ്മാനിച്ചതാണ്.
യൂട്യൂബ് അഭിമുഖത്തില്‍ പ്രതിസന്ധികളില്‍ എങ്ങനെ പിടിച്ചു നിലക്കുന്നുവെന്ന ഇന്‍ഗ്രിഡ് നില്‍സന്റെ ചോദ്യത്തിന് മറുപടിയായാണ് ഒബാമ താന്‍ പോക്കറ്റില്‍ എപ്പോഴും കരുതാറുള്ള വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ തന്റെ വിശ്വാസത്തെ അന്ധവിശ്വാസമായി വ്യാഖ്യാനിക്കരുതെന്നും മറ്റുള്ളവര്‍ വിശ്വസിപ്പിച്ച് ഏല്‍പ്പിച്ച ഈ വസ്തുക്കളില്‍നിന്നും പ്രതിസന്ധികളില്‍ താന്‍ ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം പറഞ്ഞു.
ആളുകളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുക എന്ന വൈറ്റ് ഹൗസിന്റെ പദ്ധതിയുടെ ഭാഗമായാണ് യൂട്യൂബ് അഭിമുഖം സംഘടിപ്പിച്ചത്. വൈറ്റ് ഹൗസ് യൂട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോടകം നാലരലക്ഷത്തോളം പേര്‍ കണ്ടു.