രണ്ടുദിവസം മുമ്പ് കാണാതായ വില്ലേജ് ഓഫീസറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കുമളി: രണ്ടുദിവസം മുമ്പ് കാണാതായ വില്ലേജ് ഓഫീസറെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാറത്തോട് വില്ലേജ് ഓഫീസര്‍ അണക്കര ഇടയാടിയില്‍ റെജി ബേബി(39)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.അണക്കര ഏഴാംമൈലിനു സമീപത്തെ പുരയിടത്തിലെ നെല്ലിമരത്തില്‍ ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടത്. വ്യാഴാഴ്‌ച രാവിലെ വീട്ടില്‍ നിന്ന് കാറില്‍ പുറപ്പെട്ട ഇദ്ദേഹത്തെ പിന്നീട് കാണാതായി. അണക്കരയില്‍ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. തീക്കോയി സ്വദേശിയായ ഇദ്ദേഹം അണക്കരയില്‍ വാടകയ്‌ക്കാണ് താമസിച്ചിരുന്നത്. മൃതദേഹം കണ്ടെത്തിയശേഷം പോലീസ് വീട്ടില്‍ നടത്തിയ തെരച്ചിലില്‍ ഇദ്ദേഹം തയാറാക്കിവച്ചിരുന്ന കത്ത് കണ്ടെത്തി. 15 ദിവസത്തെ അവധിക്ക് അപേക്ഷിക്കണമെന്നും ഓഫീസില്‍ അടയ്‌ക്കാനുള്ള തുക സഹപ്രവര്‍ത്തകരെ ഏല്‍പ്പിക്കണമെന്നും കത്തില്‍ രേഖപ്പെടുത്തിയിരുന്നു. ഇദ്ദേഹത്തെ കാണാതായതിനെ തുടര്‍ന്ന് ഓഫീസില്‍ അടയ്‌ക്കാനുള്ള തുക വെള്ളിയാഴ്‌ച ഭാര്യ സഹപ്രവര്‍ത്തകരെ ഏല്‍പ്പിച്ചിരുന്നു. ഇത് ബാങ്കില്‍ അടച്ചിട്ടുണ്ടെന്നും വണ്ടന്‍മേട് പോലീസ് അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്‌ക്കു കാരണമെന്നാണ് പോലീസിന്റെ നിഗമനം. മൃതദേഹം പോസ്‌റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്‌കാരം ഇന്ന് രണ്ടിന് അണക്കര സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ സിസിലി കുറുപ്പന്തറ താന്നിക്കപ്പാറയില്‍ കുടുംബാംഗം. മക്കള്‍: കൊച്ചുത്രേസ്യ, ക്രിസ്‌റ്റഫ്, ജെയിംസ്.