ഹൈഡ്രജൻ ബോംബ് പരീക്ഷണം സ്വയംപ്രതിരോധത്തിന് : കിം ജോങ് ഉൻ

പ്യോങ്യാങ് ∙ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയത് സ്വയംപ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്ന് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. രാജ്യത്തെ ആക്രമിക്കാൻ തക്കംപാർത്തിരിക്കുന്ന യുഎസ് നേതൃത്വത്തിലുള്ള സാമ്രാജ്യ ശക്തികളിൽ നിന്നും രാജ്യത്തെ സംരക്ഷിക്കാനാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയതെന്നും കിം ജോങ് ഉൻ സൈനിക മേധാവികളോടു പറഞ്ഞതായി ഉത്തര കൊറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സാധാരണ അണുബോംബിനെക്കാൾ പ്രഹരശേഷിയുള്ളതും നിർമിക്കാൻ ബുദ്ധിമുട്ടുള്ളതുമാണ് ഹൈഡ്രജൻ ബോംബ്. ഉത്തര കൊറിയ ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തുന്നത് ആദ്യമാണ്. തങ്ങളുടെ കൈവശം ഹൈഡ്രജൻ ബോംബുണ്ടെന്നു ഡിസംബറിൽ ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ അവകാശപ്പെട്ടിരുന്നുവെങ്കിലും യുഎസ് അധികൃതർ അതു തള്ളിയിരുന്നു. അതിനുള്ള മറുപടി കൂടിയായിരുന്നു പരീക്ഷണം.