കോവിഡ്; കേരളത്തിൽ രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്ത 36 ലക്ഷം പേർ


കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകൾ‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകൾ‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയിൽ‍ പ്രായമുള്ള 36 ലക്ഷം ആളുകൾ‍ രണ്ടാം ഡോസ് വാക്‌സിൻ‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂർ‍ത്തിയാക്കിവരിൽ‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തത്. കാസർ‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിൻ സ്വീകരിക്കാത്തതിൽ‍ അധികവുമെന്ന് കണക്കുകൾ‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ‍ ആശങ്കയുയർ‍ത്തിക്കൊണ്ട് വലിയ വർ‍ധനയുണ്ടാകുന്നുണ്ട്. ജാഗ്രത വർ‍ധിപ്പിക്കേണ്ട ഈ സാഹചര്യത്തിലാണ് വാക്‌സിനോട് വലിയ വിഭാഗം ജനങ്ങൾ‍ വിമുഖത കാണിക്കുന്നത്. മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകൾ‍ കുറഞ്ഞെന്ന വിലയിരുത്തലിലാകാം പലരും രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ മടി കാണിച്ചതെന്നാണ് സൂചന.

കഴിഞ്ഞ വർ‍ഷം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവർ‍ക്ക് വാക്‌സിൻ നൽ‍കാൻ‍ ആരംഭിച്ചിരുന്നത്. അതിനുശേഷം ഒമിക്രോൺ വ്യാപനം ഉണ്ടായിട്ടുകൂടി രണ്ടാം ഡോസ് വാക്‌സിനെടുക്കാൻ പലയാളുകളും മടിച്ചു എന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.

You might also like

  • Straight Forward

Most Viewed