വിജയ് ബാബുവിന്റെ പാസ്‌പോർ‍ട്ട് റദ്ദാക്കി


നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ‍ ദുബായിൽ‍ ഒളിവിൽ‍ കഴിയുന്ന നടനും നിർ‍മ്മാതാവുമായ വിജയ് ബാബുവിന്റെ പാസ്‌പോർ‍ട്ട് കേന്ദ്രവിദേശ കാര്യവകുപ്പ് റദ്ദാക്കി. കൊച്ചി സിറ്റി പൊലീസ് നൽ‍കിയ റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാക്കും. എന്നാൽ‍ ഇത് മുൻകൂട്ടി കണ്ട വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാൻ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന. 

പാസ്‌പോർ‍ട്ട് റദ്ദാക്കിയ ശേഷം ഇന്റർ‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാനായിരുന്നു പൊലീസ് നീക്കം. വിജയ് ബാബുവിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലെത്തിയാൽ‍ ഉടൻ അറസ്റ്റ് ചെയ്യാൻ വേണ്ടിയായിരുന്നു ഇത്. മുൻകൂർ‍ ജാമ്യാപേക്ഷയിൽ‍ ഹൈക്കോടതി വിധി പറയും വരെ ദുബായിൽ‍ തങ്ങാനായിരുന്നു വിജയ് ബാബുവിന് ലഭിച്ച നിയമോപദേശം. വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകളിന്മേൽ‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ‍ക്ക് രഹസ്യവിവരങ്ങൾ‍ ലഭിച്ചതിനേത്തുടർ‍ന്നാണിത്. ക്രൈം ബ്രാഞ്ചിന്റെ കീഴിലുള്ള സാമ്പത്തിക കുറ്റങ്ങൾ‍ അന്വേഷിക്കുന്ന സംഘത്തിനാണ് ചുമതലയെന്നാണ് വിവരം. വിജയ് ബാബുവിനെ ബിനാമിയാക്കി കണക്കിൽ‍ പെടാത്ത പണം സിനിമാ മേഖലയിൽ‍ നിക്ഷേപിക്കപ്പെട്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം 22നായിരുന്നു നടിയുടെ പരാതിയിൽ‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed