ആൻഡ്രോയിഡ് കുഞ്ഞപ്പന്‍റെ തമിഴ് പതിപ്പ് 'ഗൂഗിൾ കുട്ടപ്പ'

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, സൗബിൻ ഷാഹിർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആൻഡ്രോയിഡ് കുഞ്ഞപ്പൻ തമിഴിലേക്ക് എന്ന വാർത്തകൾ നേരത്തെ പുറത്ത് വന്നിരുന്നു. ശരവണൻ, ശബരി എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗൂഗിൾ കുട്ടപ്പ എന്നാണ് പേരിട്ടിരിക്കുന്നത്. സുരാജിന്‍റെ കഥാപാത്രം തമിഴിൽ അവതരിപ്പിക്കുന്നത് സംവിധായകൻ കൂടിയായ കെ.എസ് രവികുമാറാണ്.
കെ.എസ് രവികുമാറിന്‍റെ സംവിധാന സഹായികളായി 10 വർഷത്തോളം പ്രവർത്തിച്ച ശരവണൻ, ശബരി എന്നിവരുടെ ആദ്യ സംവിധാന സംരംഭമാണ് ഗൂഗിൾ കുട്ടപ്പ. കെ.എസ് രവികുമാർ തന്നെയാണ് ചിത്രം നിർമ്മിക്കുന്നതും. ബിഗ് ബോസ് താരങ്ങളായ തർഷാനും ലോസ്ലിയയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യോഗി ബാബുവും ചിത്രത്തിലുണ്ട്.
മൂൺഷോട്ട് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ സന്തോഷ് ടി കുരുവിള നിർമ്മിച്ച ആൻഡ്രോയിഡ് കുഞ്ഞപ്പൻ രതീഷ് ബാലകൃഷ്ണ പൊതുവാളാണ് സംവിധാനം ചെയതത്. സൗബിനെയും സുരാജിനെയും കൂടാതെ സൈജു കുറുപ്പ്, മാല പാർവതി, സൂരജ് എന്നിവരും വേഷമിട്ടു. കെന്റി സിർദോ എന്ന അരുണാചൽ സ്വദേശിനിയാണ് ചിത്രത്തിൽ നായികയായെത്തിയത്.