നടന്‍ സത്താര്‍ അന്തരിച്ചു


ആലുവ:  പ്രശസ്ത നടൻ സത്താർ (67) അന്തരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലു മണിയോടെ ആലുവ പാലിയേറ്റീവ് കെയർ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന നടനാണ് സത്താർ. മൂന്നു മാസമായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു.  മൃതദേഹം കടുങ്ങല്ലൂരിലെ സത്താറിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. സംസ്കാരം ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ വൈകിട്ട് നാല് മണിക്ക് നടക്കും.  എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1975-ൽ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സത്താർ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ അനാവരണം എന്ന ചിത്രത്തിൽ അദ്ദേഹം നായകനായും അഭിനയിച്ചു.  ശരപഞ്ജരം അടക്കമുള്ള ചിത്രങ്ങളിലെ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സത്താർ പിന്നീട് വില്ലൻ വേഷങ്ങളിൽ കൂടുതൽ ശ്രദ്ധ നേടിയത്. തമിഴ്, തെലുങ്ക് സിനിമകളിലും സജീവമായിരുന്ന അദ്ദേഹം മൂന്നിറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. ബാബു ആന്റണി നായകനായ കമ്പോളം അടക്കം മൂന്ന് ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു. 2003-ന് ശേഷം അഭിനയരംഗത്ത് സജീവമായിരുന്നില്ല. എന്നാൽ 2012-ൽ 22 ഫീമെയിൽ കോട്ടയം, 2013-ൽ നത്തോലി ചെറിയ മീനല്ല എന്നീ ചിത്രങ്ങളിൽ സത്താർ ചെയ്ത വേഷങ്ങൾ ശ്രദ്ധ നേടി. 2014-ൽ പുറത്തിറങ്ങിയ പറയാൻ ബാക്കി വച്ചതാണ് അവസാനം അഭിനയിച്ച ചിത്രം.  സിനിമാരംഗത്ത് സജീവമായി നിൽക്കുന്നതിനിടെ 1979-ൽ ആണ് നടി ജയഭാരതിയെ സത്താർ വിവാഹം ചെയ്യുന്നത്. സത്താർ - ജയഭാരതി ദമ്പതികളുടെ മകനാണ് ചലച്ചിത്ര നടൻ കൂടിയായ കൃഷ് ജെ സത്താർ. ജയഭാരതിയും സത്താറും പിന്നീട് വഴിപിരിഞ്ഞു. സത്താറിന്റെ മരണസമയത്ത് കൃഷ് ജെ സത്താർ ഒപ്പമുണ്ടായിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed