മോദിയെ വിമർശിച്ച് വീഡിയോ; റാപ് ഗായിക ഹർദ് കൗറിന്റെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തു
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും രൂക്ഷമായി വിമർശിച്ച് വീഡിയോ പങ്കുവെച്ച റാപ് ഗായിക ഹർദ് കൗറിന്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തു. മോദിയെയും അമിത് ഷായെയും വെല്ലുവിളിച്ച ഹർദ് കൗർ കടുത്ത ഭാഷയിലാണ് സംസാരിച്ചത്.
വീഡിയോ ട്വിറ്ററിൽ നിമിഷങ്ങൾക്കുള്ളിൽ വൈറലാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നടപടിയുണ്ടായത്. ഇതാദ്യമായല്ല ഹർദ് രാഷ്ട്രീയ നേതാക്കളെ കടുത്ത ഭാഷയിൽ വിമർശിക്കുന്നത്. ഈ വർഷം ജൂണിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് നേതാവ് മോഹൻ ഭഗവത് എന്നിവരെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യോഗി ആദിത്യനാഥിനെ ‘റേപ്മാൻ‘ എന്നാണ് ഹർദ് വിശേഷിപ്പിച്ചത്. പുൽവാമ ആക്രമണത്തിന് പിന്നിൽ മോഹൻ ഭാഗവതാണെന്നും നേരത്തെ ഹർദ് കൗർ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഹർദിനെതിരെ ഇന്ത്യൻ ശിക്ഷാ നിയമം വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു.

